കളി കാണാൻ എത്തിയ മാലാഖ, കളിക്കളത്തിലെയും ജീവിതത്തിലെയും ഒരു അത്ഭുതപ്പെടുത്തുന്ന അനുഭവം..!

ഡോ. മുഹമ്മദ് അഷ്റഫ്

കളി കാണാനെത്തിയ മാലാഖ..! ആദ്യമായി ഐസ് ഹോക്കി കളി കാണാനെത്തിയ നാദിയ രക്ഷിച്ചതൊരു വിലയേറിയ ജീവന്‍..! കളിക്കളത്തിലെയും ജീവിതത്തിലെയും ഒരു അത്ഭുതാ നുഭവം..!

മെഡിസിനു പഠിക്കുന്ന നാദിയാ പോപോവിച്ചി ആദ്യമായിട്ടാണ് ഐസ് ഹോക്കി സ്റ്റേഡിയത്തില്‍ പോയി ഒരു മത്സരം കാണുന്നത്. എന്നാല്‍ അതൊരു ചരിത്ര നിയോഗമായിരുന്നെന്നും സമാനതകളില്ലാത്ത ഒരു രക്ഷാപ്രവര്‍ത്തനം ആയിത്തീരുമെന്നും. ഒറ്റ ഒരു ദിവസം കൊണ്ട് താന്‍ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നും ആ 19 കാരി അന്ന് കരുതിയിരിക്കാനിടയില്ല.

പ്രശസ്തമായ നാഷണല്‍ ഹോകി ലീഗിലെ വാന്‍കൂവര്‍ കാനൂക്‌സും സിയാറ്റിയില്‍ ക്രാക്കനും തമ്മില്‍ ഒക്ടോബര്‍ 23 നു നടന്ന മത്സരത്തിനാണ് അവള്‍ അമ്മയ്ക്കൊപ്പം സ്റ്റേഡിയത്തില്‍ എത്തിയത്. അവള്‍ ഇരുന്നതിന് തൊട്ടു മുന്നിലായിരുന്നു വാന്‍ കൂവര്‍ ടീമിന്റെ ഇരിപ്പടം. അവരുടെ സഹായിയായി ടീമിന്റെ അസിസ്റ്റന്റ് ഏക്വപുമെന്റ് മാനേജര്‍ ബ്രയാന്‍ ഹാമില്‍റ്റന്‍ നിലയുറപ്പിച്ചിരുന്നു വളരെ കട്ടികൂടിയ കണ്ണാടി ചില്ലു കൊണ്ട് കാണികളെയും കളിക്കാരെയും വേര്‍തിരിച്ചിരുന്നു. പെട്ടെന്നാണ് അവിചാരിതമായി ഹാമില്‍റ്റന്റെ കഴുത്തിനു പുറകിലുള്ള ചെറിയ ഒരു കറുത്ത മറുക് അങ്ങകലെയിരുന്ന നാദിയയുടെ കണ്ണില്‍ പെടുന്നത്. വൈദ്യ പഠനത്തിന്റെ തുടക്കക്കാരിയെങ്കിലും എന്തോ ഒരു പന്തികേട് ആ മറുകില്‍ അവള്‍ കണ്ടു. അത് അവഗണിച്ചവള്‍ വെറുതെയിരുന്നില്ല.

NHL team staff member thanks fan who spotted melanoma at game - California News Times

കളിക്കിടയില്‍ ഹാമില്‍റ്റന്റെ ശ്രദ്ധ നേടാന്‍ അവള്‍ ഒരുപാടു ശ്രമിച്ചു അവള്‍ വിളിച്ചു കൂവിയതൊക്കെ കൂറ്റന്‍ ചില്ലുമതിലില്‍ തട്ടി തിരിച്ചു വരുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഹാമില്‍റ്റന് മനസിലായി ആ പെണ്‍കുട്ടിക്ക് തന്നോട് എന്തോ പറയാനുണ്ടെന്ന്. അയാള്‍ കണ്ണാടി ചില്ലിന് അടുത്തെത്തിയെങ്കിലും അവള്‍ പറഞ്ഞതൊന്നും അപ്പുറത്തു എത്തിയില്ല.പെട്ടന്നാണ് അവളുടെ ബുദ്ധി പ്രവര്‍ത്തിച്ചത്.

അവള്‍ മൊബയില്‍ എടുത്തു വലിയ ഫോണ്ടില്‍ ഇങ്ങനെ എഴുതി- ‘ താങ്കളുടെ കഴുത്തിനു പുറകിലുള്ള ആ കറുത്ത മറുക് കാന്‍സര്‍ ആകാന്‍ സാദ്ധ്യതയുള്ളതാണ് ദയവായി ഉടനെ ഒരു ഡോക്ടറെ കാണുക.’ ചില്ലുമതിലുകള്‍ക്കിടയിലൂടെ അവള്‍ കാണിച്ചു കൊടുത്ത ആ സന്ദേശം ഞെട്ടലോടെ അയാള്‍ വായിച്ചു. അയാള്‍ക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു എന്നും കാണുന്ന ടീം ഡോക്ടര്‍ പോലും അതേക്കുറിച്ചു ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല. എന്തായാലും അടുത്ത ദിവസം അയാള്‍ ഡോക്ടറെ കണ്ടു പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ യാഥാര്‍ത്ഥ്യം  അയാളറിയുന്നത്. അത്യന്തം അപകടകാരിയായ ത്വക്കിനെ ബാധിക്കുന്ന കാന്‍സര്‍ ബാധിച്ചിരിക്കുകയാണ്.  ആരംഭ ദിശയില്‍ ആയതു കൊണ്ട് ഉടനെ ചികിത്സിച്ചാല്‍ രക്ഷപെടും..!

അതോടെ അയാള്‍ ഓടി തന്നെ രക്ഷിക്കാന്‍ ദൈവം അയച്ച ആ മാലാഖയെ തേടി.
അവളെ കണ്ടെത്തിയ നാഷണല്‍ ഹോക്കി ലീഗ് ഫെഡറേഷന്‍ അടുത്ത ദിവസം അവളെ അതിഥിയായി സ്റ്റേഡിയത്തില്‍ ക്ഷണിച്ചു വരുത്തി. പതിനായിരങ്ങളെ സാക്ഷിയാക്കി ഇങ്ങനെ പ്രഖ്യാപിച്ചു- ‘ബ്രയാന്‍ റെഡ് ഹാമില്‍റ്റന്റെ ജീവന്‍ രക്ഷിച്ച മാലാഖയുടെ തുടര്‍ പഠനത്തിന് ഞങ്ങള്‍ 10000 ഡോളറിന്റെ ഒരു സ്‌ക്കോളര്‍ഷിപ്പ് നല്‍കുന്നു ഒപ്പം വാന്‍കൂവര്‍ ടീമിന്റെ ലൈഫ് മെമ്പര്‍ഷിപ്പും’…!

Vancouver Canucks: "Hero" Ice Hockey Fan Nadia Popovich Awards Medical Scholarship - Eminetra South Africa

കളി കാണാന്‍ എത്തിയ പതിനായിരങ്ങള്‍ ഒന്നിച്ചു ആവശ്യപ്പെട്ടതനുസരിച്ചു അവള്‍ കളിക്കളത്തിന് മധ്യത്തു എത്തിയപ്പോള്‍ അവര്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് അവളെ ആദരിച്ചു. ഒപ്പം ഹാമില്‍ട്ടനും കുടുംബങ്ങളും വന്നവളെ ആലിംഗനം ചെയ്തു അവളോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു…!

ചില കാര്യങ്ങള്‍ അങ്ങനെയാണ് ചില നേരങ്ങളില്‍, ചില നിയോഗങ്ങളായി ചിലരെത്തും രക്ഷകരായി. അങ്ങനെ ആ 19 കാരി പെണ്‍കുട്ടിയുടെ അവസരോചിതമായ ഇടപെടലും അസാധാരണമായ തന്റെടവും ചരിത്രത്തിന്റെ ഭാഗമായ ഒരു രക്ഷാപ്രവര്‍ത്തനമായി തീര്‍ന്നു.

Read more

കടപ്പാട്: സ്‌പോര്‍ട്‌സ് പാരഡിസോ ക്ലബ്