ഷാരൂഖ് ഖാന്റെ ടീമിനൊപ്പം ഡ്രസിങ് റൂമില്‍; പുലിവാല് പിടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിബാങ്കോ നൈറ്റ് റൈഡേഴ്‌സിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് പുലിവാല് പിടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തിനിടെ ട്രിബാങ്കോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ ദിനേശ് കാര്‍ത്തിക്കിനെ കണ്ട സംഭവത്തില്‍ ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ടീമാണ് ട്രിബങ്കോ നൈറ്റ് റൈഡേഴ്‌സ്. കിറ്റ്‌സ് ആന്റ് നെവീനുമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് ട്രിബാങ്കോയുടെ ഡ്രസിങ് റൂമിലെ ക്യാമറയില്‍ കാര്‍ത്തിക് പ്രത്യക്ഷപ്പെട്ടത്. ബിസിസിഐ മേധാവി രാഹുല്‍ ജോഹ്രി കാര്‍ത്തിക്കിനോട് വിശദീകരണം ആവശ്യപ്പെട്ടതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ബിസിസിഐയുടെ അനുമതിയില്ലാതെയാണ് വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിബാങ്കോ സംഘത്തിനൊപ്പം കാര്‍ത്തിക് എത്തിയത്. അതിനാല്‍ താരത്തിന്റെ വാര്‍ഷിക കരാര്‍ റദ്ദാക്കാനും ബിസിസിഐക്ക് അധികാരമുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായ ദിനേശ് കാര്‍ത്തിക് ഇന്ത്യയ്ക്കായി ലോകകപ്പിലും 26 ടെസ്റ്റ് മത്സരങ്ങളും 94 ഏകദിനങ്ങളും 32 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.