അബുദാബി ഓപ്പണ്‍: സാനിയ സഖ്യം പ്രീക്വാര്‍ട്ടറില്‍ പുറത്ത്

അബുദാബി ഓപ്പണ്‍ വനിത ഡബിള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ സാനിയ മിര്‍സ-അമേരിക്കയുടെ ബെഥാനി മാറ്റെക് സാന്‍ഡ്സ സഖ്യത്തിന് തോല്‍വി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയം. ബെല്‍ജിയത്തിന്റെ കിര്‍സ്റ്റണ്‍ ഫ്‌ലിപ്കെന്‍സും ജര്‍മനിയുടെ ലോറ സീഗെമുണ്ടുമാണ് സാനിയ സഖ്യത്തെ തോല്‍പ്പിച്ചത്.

ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ ബെല്‍ജിയം-ജര്‍മ്മന്‍ എതിരാളികളോട് 3-6, 4-6 എന്ന സ്‌കോറിനാണ് സാനിയ-ബെഥാനി സഖ്യം തോറ്റത്.

ആറ് തവണ ഗ്രാന്‍ഡ് സ്ലാം ജേതാവായ സാനിയ ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചതിന് ശേഷം പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുകയാണ്.

കഴിഞ്ഞ മാസം മെല്‍ബണില്‍ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മിക്സഡ് ഡബിള്‍സില്‍ ബ്രസീലിയന്‍ താരങ്ങളായ ലൂയിസ സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് എന്നിവരോട് തോറ്റ സാനിയ-രോഹന്‍ ബൊപ്പണ്ണ സഖ്യം മിക്സഡ് ഡബിള്‍സില്‍ റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തിരുന്നു.