അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി ന്യൂനമര്‍ദ്ദത്തില്‍ അകപ്പെട്ടു, അപകടം സംഭവിക്കാതിരിക്കാന്‍ ഉറക്കം ഉപേക്ഷിച്ചു വഞ്ചി നിയന്ത്രിക്കുന്നു!

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി ഉള്‍പ്പെടെയുള്ളവരുടെ പായ്‌വഞ്ചികള്‍ പസിഫിക് സമുദ്രത്തിലെ ന്യൂനമര്‍ദ്ദത്തില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. കൊടുങ്കാറ്റിലും വന്‍തിരയിലും അപകടം സംഭവിക്കാതിരിക്കാന്‍ ഉറക്കം ഉപേക്ഷിച്ചു വഞ്ചി നിയന്ത്രിക്കുകയാണ് താനെന്ന് അഭിലാഷ് ടോമി സംഘാടകരെ അറിയിച്ചു.

രണ്ടുദിവസമായി വിശ്രമം ലഭിക്കാത്തതിനാല്‍ നടുവേദന അലട്ടുന്നുണ്ട്. സംഘാടകരുടെ നിര്‍ദേശപ്രകാരം സാറ്റലൈറ്റ് ഫോണില്‍ അഭിലാഷ് ടോമി വൈദ്യോപദേശം തേടിയിരുന്നു. 40 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിലും 8 മീറ്ററിലേറെ ഉയരത്തിലുള്ള തിരകളിലുമാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ള നാവികരുടെ വഞ്ചികള്‍.

നിലവില്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്തുണ്ട്. യുകെ നാവികന്‍ സൈമണ്‍ കര്‍വെനാണ് ഒന്നാം സ്ഥാനത്ത്. ഇദ്ദേഹത്തിന്റെ വഞ്ചിയിലെ കാറ്റിന്റെ ദിശയും വേഗവും അളക്കാനുള്ള ഉപകരണം തകരാറിലായിട്ടുണ്ട്.

2018ല്‍ പരിക്ക് പറ്റിയ മേഖലകളില്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസില്‍ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്. ഇനി ഒന്‍പതിനായിരം നോട്ടിക്കല്‍ മൈല്‍ ദൂരമാണ് അഭിലാഷിന് പിന്നിടാനുള്ളത്. സെപ്തംബറില്‍ തുടങ്ങിയ യാത്ര ഏപ്രില്‍ മാസം വരെയാണ് തുടരുക.