'രണ്ടുമൂന്നു ദിവസത്തോളം ഉറക്കം നഷ്ടപ്പെട്ടു, കാലിന് പരിക്കേറ്റു'; രണ്ടാം സ്ഥാനം വിടാതെ അഭിലാഷ് ടോമി

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മലയാളി നാവികന്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് തുടരുന്നു. ന്യൂനമര്‍ദംമൂലം കഴിഞ്ഞ ദിവസങ്ങളില്‍ പസിഫിക് സമുദ്രത്തിലുണ്ടായ വന്‍തിരയിലും കൊടുങ്കാറ്റിലും അഭിലാഷ് ടോമിയുടെ പായ്വഞ്ചിക്കു ചെറിയ തകരാറുകളുണ്ടായിരുന്നു. ഈ തകരാറുകള്‍ പരിഹരിച്ചു വരികയാണെന്ന് അഭിലാഷ് ടോമി പറഞ്ഞു.

രണ്ടുമൂന്നു ദിവസത്തോളം ഉറക്കം നഷ്ടപ്പെട്ടു. ഇതിനിടെ തകരാര്‍ പരിഹരിക്കാന്‍ വഞ്ചിയുടെ പായ്മരത്തില്‍ വലിഞ്ഞു കയറിയതുമൂലം കാലിനു പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വഞ്ചിയുടെ വേഗം തീരുമാനിക്കുമെന്നും അഭിലാഷ് ടോമി മനോരമയോട് പറഞ്ഞു.

റേസില്‍നിന്നും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടിഷ് നാവികന്‍ സൈമണ്‍ കര്‍വന്‍ പിന്മാറി. കാറ്റിന്റെ ദിശയും വേഗവും കണ്ടെത്താന്‍ വഞ്ചിയിലുള്ള വിന്‍ഡ്വെയ്ന്‍ തകാരാറിലായതോടെയാണ് സൈമണ്‍ പിന്മാറിയത്.

ഇതോടെ, ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റന്‍ നോയിഷെയ്ഫര്‍ മത്സരത്തില്‍ ഒന്നാമതെത്തി.