മെസിക്ക് സസ്പെന്‍ഷന്‍; സൗദി സന്ദര്‍ശിച്ചതിന് പിഴയും നല്‍കണം; കടുത്ത നടപടിയുമായി പിഎസ്ജി

സൂപ്പര്‍ താരം ലയണല്‍ മെസിയെ സസ്പെന്‍ഡ് ചെയ്ത് പാരീസ് സെയ്ന്റ് ജര്‍മ്മന്‍ ക്ലബ് (പിഎസ്ജി). ക്ലബിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ട് ആഴ്ചത്തേക്കാണ് മെസിയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

സസ്പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു.

സൂപ്പര്‍താരത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മെസിക്ക് സ്വാഗതം അറിയിച്ചുകൊണ്ട് സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് നിലവില്‍ ലയണല്‍ മെസി.

അനുമതിയില്ലാതെ അംബാസിഡര്‍ ആയതിന് പിഴയും മെസി നല്‍കണം. പിഎസ്ജിയുമായുള്ള രണ്ട് വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ താരം ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്‌പെന്‍ഷന്‍ നടപടി.

Read more

ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മെസിയുടെ ചിത്രങ്ങള്‍ സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബാണ് പുറത്ത് വിട്ടത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് മെസി സൗദി സന്ദര്‍ശിച്ചത്.