ലോക ഫുട്ബോളിലെ രാജാക്കന്മാരാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും ഇനി തെളിയിക്കാനായി ഒന്നും തന്നെയില്ല. തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താരങ്ങൾ കടന്നു പോകുന്നതെന്നും വൈകാതെ തന്നെ വിരമിക്കാൻ സാധ്യത ഉണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.
എന്നാൽ വിരമിക്കാൻ സമയമായിട്ടും മികച്ച പ്രകടനമാണ് മെസിയും റൊണാൾഡോയും കളിക്കളത്തിൽ കാഴ്ച വെക്കുന്നത്. നിലവിൽ യുവ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് അവർ നടത്തുന്നത്. ഇരുവരും ഓരോ മത്സരങ്ങളെ കാണുന്ന രീതിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ബാഴ്സിലോനൻ താരം ഡാനി ആൽവസ്.
ഡാനി ആൽവസ് പറയുന്നത് ഇങ്ങനെ:
” റൊണാൾഡോയെക്കാൾ ഏറ്റവും കേമനായ താരം അത് ലയണൽ മെസിയാണ്. ഒരു മത്സരത്തെ സ്വാധീനിക്കാൻ റൊണാൾഡോയെക്കാൾ മെസിക്ക് സാധിക്കുന്നു. റൊണാൾഡോ ഗോൾ നേടുന്നതിലാണ് ശ്രദ്ധ. എന്നാൽ മെസി അങ്ങനെയല്ല, അദ്ദേഹം ഗോളും നേടും അസിസ്റ്റും നേടും. മെസിക്ക് ജന്മനാ കിട്ടിയ കഴിവാണുള്ളത്. എന്നാൽ റൊണാൾഡോ ഒരു കഠിനാധ്വാനിയാണ്. അദ്ദേഹവുമായി ഞാൻ ഒരുപാട് തവണ മത്സരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു” ഡാനി ആൽവസ് പറഞ്ഞു.