14 മിനിറ്റിനിടെ നാല് ഗോള്‍; സ്പാനിഷ് കിംഗ്സ് കപ്പ് ബാഴ്സയ്ക്ക്

ബാഴ്സലോണയ്ക്ക് സ്പാനിഷ് കിംഗ്‌സ് കപ്പ് കിരീടം. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബാഴ്സയുടെ കിരീടധാരണം. മത്സരത്തില്‍ ലയണല്‍ മെസി ഇരട്ട ഗോളുകള്‍ നേടി.

കളിയുടെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. 14 മിനിറ്റിനിടെയാണ് ബാഴ്‌സ് നാല് ഗോളുകള്‍ അടിച്ചത്. അറുപതാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനാണ് ആദ്യ ഗോള്‍ നേടിയത്. 63-ാം മിനിറ്റില്‍ ഡിജോംഗ് ലീഡ് ഉയര്‍ത്തി. ശേഷം 68, 72 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍ നേട്ടം.

Image

കോപ ഡെല്‍ റേ ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും മത്സരത്തിലൂടെ മെസി സ്വന്തമാക്കി. 10 കോപ ഡെല്‍ റേ ഫൈനലുകളിലാണ് മെസ്സി വലകുലുക്കിയത്. സീസണിലെ മെസിയുടെ ഗോള്‍സമ്പാദ്യം 30 കടന്നു. തുടര്‍ച്ചയായി 13 സീസണുകളില്‍ 30ലധികം ഗോളുകള്‍ നേടുന്ന താരമായി മെസി മാറി. ബാഴ്സ കുപ്പായത്തിലെ മെസിയുടെ 35ാം ട്രോഫിയാണ് ഇത്.

Imageകോപ്പ ഡെല്‍ റേയിലെ ജയത്തിന് പിന്നാലെ ലാ ലീഗ കിരീടവും പിടിക്കാനായാല്‍ മെസിയെ ബാഴ്സയില്‍ തന്നെ നിര്‍ത്താന്‍ സാധിച്ചേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. നിലവില്‍ ലാ ലീഗ പോയിന്റ് ടേബിളില്‍ റയലിനും അത്ലറ്റിക്കോയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ബാഴ്സ. എന്നാല്‍ ഡിസംബര്‍ 5ന് ശേഷം ബാഴ്സ ലാ ലീഗയില്‍ തോല്‍വി അറിഞ്ഞിട്ടില്ല.