ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

ഹണീ ബീ, ഹായ് ഐയാം ടോണി, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നടികർ’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ടൊവിനോ തോമസാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഭാവനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമാ ജീവിതവും അതുമായി ബന്ധപ്പെട്ട് വ്യക്തി ജീവിതത്തിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലറിലൂടെ  ലഭിക്കുന്ന സൂചന.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്നതുകൊണ്ട് തന്നെ താൻ ആദ്യം നേരിട്ടുകണ്ട സിനിമ താരത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. ഭീമൻ രഘുവിനെയാണ് താൻ ആദ്യമായി കണ്ടതെന്ന് ടൊവിനോ ഓർക്കുന്നു.

“ചെറുപ്പത്തിലൊന്നും ഒരുപാട് അഭിനേതാക്കളെ കാണാനുള്ള ഭാഗ്യമൊന്നും എനിക്ക് ഉണ്ടായിട്ടില്ല. ഒരു ക്ലബ്ബ് ഉണ്ടായിരുന്നു. അതിന്റെ വാർഷിക പരിപാടികളൊക്കെ ഇടയ്ക്ക് ഉണ്ടാവും. അങ്ങനെയൊരു പരിപാടിക്ക് ഒരിക്കൽ ഗസ്റ്റ് ആയിട്ട് വന്നത് ഭീമൻ രഘുവായിരുന്നു.

ഞാൻ അന്ന് പുള്ളിയോട് ഒരുപാട് നേരം സംസാരിച്ചിരുന്നു. പുള്ളിക്ക് അതൊന്നും ഓർമ ഉണ്ടാവില്ല. ഞാനും തീരെ ചെറുതായിരുന്നു. അന്നദ്ദേഹം പാട്ടൊക്കെ പാടിയത് എനിക്ക് നല്ല ഓർമയുണ്ട്.” എന്നാണ് ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറയുന്നത്.”

‘പുഷ്പ– ദ റൈസ്’ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് നടികരിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ തുടങ്ങീ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് സുവിൻ എസ് സോമശേഖരനാണ്.
ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു.