“ചക്കയുള്ള മാങ്ങയുള്ള തേങ്ങയുള്ള കേരളം”; സൈബറിടങ്ങളില്‍ ഹിറ്റായി മഞ്ഞപ്പടയുടെ പാട്ട്

ഐഎസ്എല്‍ ആറാം സീസണിന്റെ ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ആറാം സീസണിന് മുന്നോടിയായി പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി യുഎഇയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍. തങ്ങളുടെ പ്രിയ ക്ലബ്ബിന് ആവേശം പകരാനായി നിരവധി ആരാധകരാണ് ദുബായിലെ അല്‍ അഹ്‌ലി സ്റ്റേഡിയത്തില്‍ എത്തിയത്.

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന അതേ ആവേശം തന്നെയാണ് മഞ്ഞ ബാനറുകള്‍ ഉയര്‍ത്തി ആരാധകര്‍ അല്‍ ഫുജൈറ സ്റ്റേഡിയത്തിലും തീര്‍ത്തത്. മത്സരത്തിനിടെ ആവേശത്തോടെ ആരാധകര്‍ ഒന്നടങ്കം ഏറ്റു പാടിയ പാട്ടാണ് സൈബറിടങ്ങളില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്.

‘ചക്കയുള്ള മാങ്ങയുള്ള തേങ്ങയുള്ള കേരളം’ എന്ന ഗാനം നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്. ദിബ്ബ അല്‍ ഫുജൈറ ഫുട്‌ബോള്‍ ക്ലബ്ബുമായുള്ള ആദ്യ പ്രീസീസണില്‍ സമനിലയായിരുന്നു. സെപ്റ്റംബര്‍ 12ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ നേരിടും.