ബ്ലാസ്റ്റേഴ്സിന്റെ മത്സര ബഹിഷ്‌കരണം; പണി വരുന്നത് ഇവാനിട്ട്, വിലക്കാന്‍ നീക്കം

ഐഎസ്എല്ലില്‍ വിവാഗദ ഗോളില്‍ പ്രിതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കും മുന്‍പേ കളം വിട്ട കേരള ബ്ലാസ്റ്റേഴ്സിനെതിരെ മാച്ച് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് സാദ്ധ്യത. ബ്ലാസ്റ്റേഴ്സിന്റെ പരാതി കൂടി കേട്ട ശേഷമാകും തീരുമാനം.

എഐഎഫ്എഫിന്റെ അച്ചടക്ക മാനദണ്ഡമനുസരിച്ചു ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിസമ്മതിക്കുന്ന ടീമിനു മൂന്ന് ഗോള്‍ തോല്‍വിയും ആറ് ലക്ഷം രൂപ പിഴയുമാണു ശിക്ഷ. കുറ്റത്തിന്റെ ഗൗരവമനുസരിച്ചു സീസണ്‍ വിലക്കോ കനത്ത പിഴയോ വരെ ലഭിച്ചേക്കാം.

എന്നാലിപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടീമിനെ വിലക്കുന്നതിന് പകരം പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെതിരേ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മത്സരം ബഹിഷ്‌കരിക്കാന്‍ കാരണമായത് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ നിലപാടാണ്. ഇത് പരിഗണിച്ച് ഒരു വര്‍ഷത്തേക്ക് പരിശീലകനെ വിലക്കാനുള്ള നടപടികളാണ് ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന.

നിലവില്‍ വുകോമാനോവിച്ചിന് ബ്ലാസ്റ്റേഴ്സുമായി 2025വരെ കരാറുണ്ട്. എന്നാല്‍ വിലക്ക് നേരിടേണ്ടി വന്നാല്‍ അദ്ദേഹം ടീം വിടാന്‍ നിര്‍ബന്ധിതനാകും. ജനപ്രീതി കൊണ്ട് ഐഎസ്എലിലെ ഏറ്റവും മൂല്യമുള്ള ക്ലബ്ബുകളിലൊന്നായ ബ്ലാസ്റ്റേഴ്സ്. അതിനാല്‍ ടീമിനെ സീസണില്‍ വിലക്കുന്ന സാഹചര്യം ലീഗിനു ദോഷം ചെയ്യുമെന്ന ആശങ്ക സംഘാടകര്‍ക്കുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഇവാനെതിരെയുള്ള നീക്കം.