പരിശീലകൻ പറഞ്ഞത് അല്ല സത്യം, നിങ്ങൾ ചതി നിറഞ്ഞ വാക്കുകളിൽ വിശ്വസിക്കരുത്; മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെതിരെ ജെയ്ഡൻ സാഞ്ചോ

മോശം പരിശീലന പ്രകടനത്തെത്തുടർന്ന് മാത്രമാണ് തന്നെ പുറത്താക്കിയതെന്ന എറിക് ടെൻ ഹാഗിന്റെ അവകാശവാദത്തിനെതിരെ തിരിച്ചടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെയ്ഡൻ സാഞ്ചോ രംഗത്ത്. താൻ വളരെക്കാലമായി ഒരു ബലിയാടായിരുന്നുവെന്ന് താരം അവകാശപ്പെട്ടു. യുണൈറ്റഡ് ആഴ്‌സണലിനോട് 3-1 ന് തോറ്റ ഞായറാഴ്ച പ്രീമിയർ ലീഗ് മത്സരത്തിൽ 23 കാരനായ അദ്ദേഹം ടീമിനൊപ്പം യാത്ര ചെയ്തിരുന്നില്ല. “ജെയ്ഡൻ, പരിശീലനത്തിലെ മോശം പ്രകടനം കാരണം ഞങ്ങൾ അവനെ തിരഞ്ഞെടുത്തില്ല” മത്സരത്തിന് ശേഷം യുണൈറ്റഡ് ബോസ് ടെൻ ഹാഗ് പറഞ്ഞു.

“മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിങ്ങൾ എല്ലാ ദിവസവും വേറെ ലെവലിൽ എത്തണം, നമുക്ക് മുൻനിരയിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ വേണം. അവൻ ആ ലെവലിൽ വരാത്തത് കൊണ്ടാണ് ടീമിൽ എടുക്കാതിരുന്നത്.” ടെൻ ഹാഗ് പറഞ്ഞു. എന്നിരുന്നാലും, ഞായറാഴ്ച സാഞ്ചോ പറഞ്ഞത് ഇങ്ങനെ

“ദയവായി നിങ്ങൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്! തീർത്തും അസത്യമായ കാര്യങ്ങൾ പറയാൻ ഞാൻ ആളുകളെ അനുവദിക്കില്ല, ഈ ആഴ്ച ഞാൻ നന്നായി പരിശീലനം നടത്തി,” അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

“ഞാൻ ഈ വിഷയത്തിലേക്ക് കടക്കാത്ത മറ്റ് കാരണങ്ങളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, വളരെക്കാലമായി ഞാൻ ഒരു ബലിയാടായിരുന്നു, അത് ന്യായമല്ല!

“കോച്ചിംഗ് സ്റ്റാഫ് എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും ഞാൻ ബഹുമാനിക്കുന്നു, മികച്ച കളിക്കാരുമായി ഞാൻ ടീം ഡ്രസിങ് റൂം പങ്കെടുക്കുന്നു , എല്ലാ ആഴ്‌ചയും ഒരു വെല്ലുവിളിയാണെന്ന് എനിക്കറിയാം. അങ്ങനെ ചെയ്യാൻ ഞാൻ നന്ദിയുള്ളവനാണ്. എന്തായാലും ടീമിൽ സ്ഥാനം കിട്ടാൻ ഞാൻ പോരാടും.” താരം കുറിച്ചു.

ഇംഗ്ലണ്ട് ഇന്റർനാഷണൽ സാഞ്ചോ 2021-ൽ 73 മില്യൺ പൗണ്ടിന് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഓൾഡ് ട്രാഫോർഡിലേക്ക് എത്തി. എന്നാൽ 82 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ മാത്രം നേടി സ്വാധീനം ചെലുത്താൻ താരം പാടുപെട്ടു.