12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ലോക്സഭ തിരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തൽ. ഇപി വിവാദവും പാർട്ടി യോഗത്തിൽ ചർച്ചയായി. വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് ഇന്നു വൈകിട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രഖ്യാപിക്കും.

പാർട്ടിയെ പ്രതിരോധത്തിലേക്കു തള്ളിവിട്ട വിവാദനത്തിൽ തന്റെ നിലപാട് ഇപി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു. ഘടകകക്ഷികൾ ഉൾപ്പെടെ കടുത്ത വിമർശനം ഉയർത്തിയ വിവാദത്തിൽ എംവി ഗോവിന്ദൻ മറുപടി നൽകും. വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നും സിപിഎം ആശങ്കയുണ്ട്. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറി കടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തൂര്‍, പാലക്കാട്, തൃശൂര്‍, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നിവയാണ് പാർട്ടി വിജയപ്രതീക്ഷ വയ്ക്കുന്ന 12 മണ്ഡലങ്ങൾ.