ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ടര്‍മാര്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. ടൂര്‍ണമെന്റിലേക്ക് മുന്‍ അന്താരാഷ്ട്ര പരിചയമില്ലാത്ത കളിക്കാരെ പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ക്ക് താല്‍പ്പര്യമില്ല. സ്‌ക്വാഡ് ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞു. സെലക്ടര്‍മാരും ഇന്ത്യന്‍ മാനേജ്‌മെന്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കെഎല്‍ രാഹുലോ ഋഷഭ് പന്തോ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍മാരാകില്ല. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെയാണ് സെലക്ടര്‍മാര്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍/ബാറ്ററായി തിരഞ്ഞെടുക്കാന്‍ സാധ്യത.

കെഎല്‍ രാഹുല്‍ ഫോമിലാണെങ്കിലും ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത്. രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ആദ്യ നാലില്‍ ഏറെക്കുറെ അന്തിമമായി.

ബാക്കപ്പ് കീപ്പിംഗ് ഓപ്ഷനുകള്‍ രാഹുലോ പന്തോ ആകാം. പക്ഷേ അത് സംഭവിക്കണമെങ്കില്‍, ഇന്ത്യക്ക് ശിവം ദുബെ, റിങ്കു സിംഗ് എന്നിവരില്‍ ഒരാളെ അല്ലെങ്കില്‍ ഒരു ബാക്കപ്പ് പേസറെ ഒഴിവാക്കേണ്ടിവരും. പവര്‍ഹിറ്റിംഗ് ബാക്കപ്പ് വേണമോ, ബാക്കപ്പ് കീപ്പിംഗ് അല്ലെങ്കില്‍ പേസ് ബോളിംഗ് ബാക്കപ്പ് വേണമോ എന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കണം.