'മൂന്ന് വര്‍ഷമെങ്കിലും കളിക്കേണ്ടതായിരുന്നു, പക്ഷേ....'; കൊച്ചി ടസ്‌ക്കേഴ്സ് കേരളക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീശാന്ത്

2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെയും ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയും ടീം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും മുമ്പ് ഐപിഎല്‍ ഒരു സമയത്ത് 10 ടീമുകളുടെ ടൂര്‍ണമെന്റായിരുന്നു. 2011-ല്‍ ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യയും കൊച്ചി ടസ്‌കേഴ്‌സ് കേരളയും രണ്ട് പുതിയ ഫ്രാഞ്ചൈസികളായി ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ രണ്ടു ടീമും നിലവിലില്ല. പൂനെ ഫ്രാഞ്ചൈസി മൂന്ന് സീസണുകള്‍ നിലനിന്നപ്പോള്‍, കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് കൊച്ചി തുടര്‍ന്നുള്ള സീസണില്‍നിന്നും പുറത്താക്കപ്പെട്ടു.

ഇപ്പോള്‍ ടസ്‌കേഴ്സിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും മലയാളിയുമായി എസ് ശ്രീശാന്ത്. അന്ന് ടീമിന്റെ ഭാഗമായിരുന്ന ബ്രണ്ടന്‍ മക്കല്ലം, ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധനെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് കൊച്ചി ടസ്‌കേഴ്സില്‍നിന്നും ഇപ്പോഴും പണം ലഭിക്കാനുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു.

ബ്രണ്ടന്‍ മക്കല്ലം, മഹേള ജയവര്‍ദ്ധന, മുത്തയ്യ മുരളീധരന്‍, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ കളിച്ച ടീമാണ് കൊച്ചിന്‍ ടസ്‌കേഴ്സ്. ഐപിഎല്‍ വിടുമ്പോള്‍ ബിസിസിഐ നിങ്ങളുടെ ബാദ്ധ്യതകളെല്ലാം തീര്‍ത്തിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് ഇപ്പോഴും പണം ലഭിച്ചിട്ടില്ല. എന്റെ മക്കളുടെ വിവാഹം ആകുമ്പോഴെങ്കിലും ഈ പണം ലഭിക്കുമെന്ന് കരുതുന്നു- ശ്രീശാന്ത് പറഞ്ഞു.

മൂന്ന് വര്‍ഷമെങ്കിലും കൊച്ചിന്‍ ടസ്‌കേഴ്സ് കളിക്കേണ്ടതായിരുന്നു. എന്നാല്‍ തുടങ്ങി ആദ്യ വര്‍ഷത്തില്‍ തന്നെ ടീം അവസാനിപ്പിച്ചു. ആരും അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. ഇപ്പോളും താരങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ അതേക്കുറിച്ച് സംസാരിക്കാറുണ്ട്- ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.