മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കണം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

കെഎസ്ആര്‍ടിസി ഡ്രൈവറും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തര്‍ക്കത്തില്‍ കേരള പൊലീസിന് വീഴ്ച്ച പറ്റിയെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. കെഎസ്ആര്‍ടിസിയില്‍ അപകടകരമായും നിയമവിരുദ്ധമായും ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ പെരുമാറുന്നത് അപൂര്‍വമല്ല. എന്നാല്‍ യദു എന്ന ഡ്രൈവര്‍ ഇന്നലെ ചെയ്തകാര്യമായി മേയര്‍ പറയുന്നത് തികച്ചും അവിശ്വസനീയമാണ്.

ഒരു ചെറിയ കാറില്‍ ഇരിക്കുന്നവര്‍ക്ക് കെഎസ്ആര്‍ടിസി ഡ്രൈവറെ കാണുന്നതിലും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കു കാറിലുള്ളവരെ കാണുന്നതിലും പരിമിതികള്‍ ഉണ്ട്. ഇപ്പോള്‍ കാണുന്ന വീഡിയോയില്‍ നിന്ന് മനസ്സിലാക്കാവുന്നത് കാറില്‍ ഉണ്ടായിരുന്നവരുടെ ഈഗോ വീര്‍ത്തു ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ആണെന്ന് കാണാമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.

സത്യം തിരയാനല്ല പോലീസ് ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസി തടഞ്ഞ കാര്‍ യാത്രക്കാര്‍ക്കെതിരെ നടപടി വേണം. ബസ് ഡ്രൈവര്‍ നല്‍കിയ പരാതിയും കേസ് ആക്കണം. എസ്എഫ്‌ഐ നിലവാരത്തിലുള്ള, ഡ്രൈവര്‍ക്കു എതിരെയുള്ള മേയറുടെ പരാതിയുടെ അസൗഭാവികത മനസ്സിലാക്കണം. പൊലീസ് സത്യമേവ ജയതേയുടെ പക്ഷത്തായിരിക്കണം. ഡ്രൈവറുടെ ജോലി കളയുന്നത് ഈ കേസിലെ അനീതിയുടെ മൂര്‍ധന്യമാണെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.