ഇൻ്റർ മിയാമിയുടെ കാര്യത്തിൽ അങ്ങനെ തീരുമാനം ആയി'; "മെസിയുടെ അഭാവം നികത്തനാവാത്ത വിടവ്"; സെർജിയോ ബുസ്ക്കെറ്റ്സ് പറയുന്നതിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

ലീഗ്‌സ്‌ കപ്പിൽ നിന്നും അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ഇത്തവണ ക്വാട്ടർ പോലും കടക്കാനാവാതെ ടൂർണമെന്റിൽ നിന്നും പുറത്തായി. ഇന്നത്തെ മത്സരത്തിൽ കൊളംബസ് ക്രൂ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർ മിയാമിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ അർജന്റീനൻ ഇതിഹാസം ലയണൽ മെസി കാലിനേറ്റ പരിക്ക് മൂലം കളിച്ചിരുന്നില്ല. മെസിയുടെ അഭാവമാണ് ടീം തോൽക്കാൻ കാരണം എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സെർജിയോ ബുസ്ക്കെറ്റ്സ്.

സെർജിയോ ബുസ്ക്കെറ്റ്സ് പറഞ്ഞത് ഇങ്ങനെ:

”ലയണൽ മെസ്സി ഉണ്ടാക്കുന്ന വ്യത്യാസങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം. ഈ മത്സരത്തിൽ മെസ്സി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഫുട്ബോൾ ഇങ്ങനെയാണ്. പരിക്കുകളും തിരിച്ചടികളും നമുക്കുണ്ടാകും. മെസ്സി ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു. ഞങ്ങൾക്ക് കൂടുതൽ ചാൻസുകൾ ഉണ്ടാകുമായിരുന്നു. ഞങ്ങൾ അവസാനം വരെ പോരാടിയിട്ടാണ് പുറത്തായത് ” സെർജിയോ ബുസ്ക്കെറ്റ്സ് പറഞ്ഞു.

ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനലിൽ ആയിരുന്നു ലയണൽ മെസിക്ക് കാലിനു ഗുരുതരമായ പരിക്ക് ഏറ്റത്. മെസി കോപ്പയിൽ ഒരു ഗോൾ മാത്രമാണ് നേടിയതെങ്കിലും ടീമിൽ ഉടനീളം മികച്ച പ്രകടനങ്ങൾ തന്നെ ആണ് അദ്ദേഹം നടത്തിയത്. മെസിയുടെ അഭാവത്തിലും താരങ്ങൾ മികച്ച പ്രകടനങ്ങൾ നടത്തി അദ്ദേഹത്തിന് വേണ്ടി ട്രോഫി നേടി കൊടുത്തു. എന്നാൽ ഇന്റർ മിയാമി മത്സരങ്ങളിൽ താരത്തിന് ഉടനെ ഒന്നും കളിക്കുവാൻ സാധിക്കില്ല. പൂർണമായി അദ്ദേഹത്തിന് മുക്തി നേടാനായിട്ടില്ല. ഇനി എംഎൽഎസ് കിരീടം നേടുക എന്നുള്ളതായിരിക്കും ഇന്റർമയാമിയുടെ ലക്ഷ്യം