RCB VS PBKS: നിനക്കൊക്കെ ജയിക്കണമെങ്കിൽ ആദ്യം സാൾട്ടിനെ പുറത്താക്കണം, എന്നിട്ടല്ലേ ബാക്കി; ഫൈനലിലേക്ക് രാജകീയ പ്രവേശനം നേടി ആർസിബി

ഐപിഎൽ 18 ആം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. മൂന്നാം തവണയാണ് ആർസിബി ഐപിഎൽ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഇത്തവണ ആർസിബി കപ്പ് ജേതാക്കളാകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സിന് കൂട്ടതകര്‍ച്ച നേരിട്ടതോടെ ആർസിബി വിജയം ഉറപ്പിച്ചു. 14 ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ 114 റൺസിന്‌ ഓൾ ഔട്ട് ആയിരിക്കുകയാണ്. മികച്ച പ്രകടനമാണ് തുടക്കം മുതൽ ബെംഗളൂരു ബോളർമാർ കാഴ്ച വെച്ചത്.

മൂന്നു വിക്കറ്റുകളുമായി ജോഷ് ഹേസൽവുഡും സുയാഷ്‌ ശർമ്മയും കളം നിറഞ്ഞപ്പോൾ ബാക്കി വന്ന വിക്കറ്റുകൾ വീഴ്ത്താൻ ഭുവനേശ്വർ കുമാറിനും യാഷ് ദയാലിനും റൊമാരിയോ ഷെപ്പേർഡിനും സാധിച്ചു. യാഷ് ദയാൽ 2 വിക്കറ്റുകളും ഭുവനേശ്വറും റൊമാരിയോയും ചേർന്ന് ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

ബാറ്റിംഗിൽ മികച്ച തുടക്കമാണ് വിരാട് കോഹ്‌ലിയും, ഫിൽ സാൾട്ടും ചേർന്ന് നൽകിയത്. ഫിൽ സാൾട്ട് പുറത്താകാതെ 27 പന്തിൽ നിന്നായി 6 ഫോറും 3 സിക്‌സും അടക്കം 56* റൺസ് നേടി. വിരാട് കോഹ്ലി 12 പന്തിൽ 2 ഫോർ അടക്കം 12 റൺസ് നേടി പുറത്തായി. പിന്നീട് വന്ന മായങ്ക് അഗർവാൾ 13 പന്തിൽ 2 ഫോറും 1 സിക്‌സും അടക്കം 19 റൺസ് നേടി. അവസാനം രജത് പാടീദാർ 8 പന്തിൽ നിന്നായി ഒരു സിക്‌സും ഒരു ഫോറും അടക്കം 15 റൺസ് നേടി ടീമിനെ വിജയിപ്പിച്ചു.