രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടങ്ങളിലും അക്രമം. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ ഛപ്ര, ശാന്തിപുര്‍, നിംതാല, ഭാംഗര്‍ എന്നിവിടങ്ങളിലടക്കം അക്രമസംഭവങ്ങള്‍ ഉണ്ടായതായി പശ്ചിമ ബംഗാള്‍ പൊലീസ് അറിയിച്ചു. പലയിടങ്ങളിലും ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നദിയ ജില്ലയിലെ ഛപ്രയില്‍ പോളിങ് ഏജന്റിനെ തൃണമൂല്‍ കോണ്‍ഗ്രസുമായി (ടിഎംസി) ബന്ധമുള്ളവര്‍ ആക്രമിച്ചതായി ബിജെപി ആരോപിച്ചു.

ഈ ഏറ്റുമുട്ടലുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഭാരതീയ ജനതാ പാര്‍ട്ടിയുമായി കടുത്ത വാക് പോരാട്ടത്തിലേക്ക് നയിച്ചു. കേന്ദ്ര സുരക്ഷാ സേന ‘ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്നു’ എന്നാണ് മമതയുടെ ആരോപണം. ‘കേന്ദ്ര സേനകള്‍ തൃണമൂലിന്റെ ആളുകളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നുവെന്നാണ് മമതയുടെ ആക്ഷേപം. വോട്ടെടുപ്പ് ഇങ്ങനെ നടത്താന്‍ കഴിയില്ലെന്നും പുറത്തുനിന്നുള്ള ‘നിരീക്ഷകരെ’ ബിജെപി കൊണ്ടുവന്നത് ശരിയല്ലെന്നും മമത പറഞ്ഞു. സംസ്ഥാന സര്‍ക്കാരിലെ ഉന്നത പോലീസുകാരെയും ഭരണ ഉദ്യോഗസ്ഥരെയും മാറ്റി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റാളുകളെ കൊണ്ടുവന്നതിനേയും മമത വിമര്‍ശിച്ചു.

‘പുറത്തുനിന്ന് ധാരാളം നിരീക്ഷകര്‍ വന്നിട്ടുണ്ട് (ബിജെപി പറയുന്നതെന്തും അവര്‍ ചെയ്യുന്നു. നോക്കൂ… ഞങ്ങളുടെ പോസ്റ്ററുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇങ്ങനെയാണോ വോട്ടെടുപ്പ് നടക്കുന്നത്? സുരക്ഷാ സേനയല്ല, വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുക. പുതിയ ചില ആളുകളെ കൊണ്ടുവന്നിട്ടുണ്ട്… അവര്‍ തീവ്രവാദം നടത്തുകയാണ്.’

ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടമാണിത്. ആദ്യത്തേത് ഏപ്രില്‍ 23 നാണ് നടന്നത്. ഫലം മെയ് 4 ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച വിവാദമായ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ ഐഎസ്എഫ് ഏജന്റിനെ പോളിങ് ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്. നിംതാലയിലെ ഒരു ബൂത്തില്‍ ഏഴരയായിട്ടും വോട്ടെടുപ്പ് ആരംഭിക്കാത്തതിനെച്ചൊല്ലി വോട്ടര്‍മാരും അധികൃതരും തമ്മില്‍ തര്‍ക്കം ഉണ്ടായി.