കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ വിവരം കിട്ടിയ ഉടൻ മുന്നറിയിപ്പ് കൊടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുങ്ങിയ കപ്പലിൻ്റെ സ്ഥാനം കണ്ടെത്താൻ ഉള്ള സർവേ തുടങ്ങും. കണ്ടെത്തിയാൽ ബോയെ കെട്ടി തിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സെക്രട്ടേറിയേറ്റിലെ മീഡിയ റൂമിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അപകടത്തെ തുടർന്ന് ഊഹാപോഹം പ്രചരിക്കുന്നുവെന്നും അതിൽ ആരും വീണ് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കപ്പൽ അടിത്തട്ടിൽ മുങ്ങിയത് കൊണ്ട് പ്രശ്നമില്ല. കാൽത്സ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ അടിത്തട്ടിലേയ്ക്ക് മുങ്ങിയിരിക്കാം. അതിനാൽ അപകടമില്ല. കടൽ മത്സ്യം ഉപയോഗിക്കുന്നതിൽ അപകടമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആകെ 643 കണ്ടെയ്നറുകൾ 73 എണ്ണം ശൂന്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡും ഒരെണ്ണം റബ്ബർ കോമ്പൗണ്ട് അടങ്ങിയതുമായിരുന്നു. തുണിയും പ്ലാസ്റ്റിക്കും അടക്കം കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നു. 100 കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് കരുതുന്നത്.
Read more
54 കണ്ടെയ്നറുകൾ അലപ്പുഴ കൊല്ലം തിരുവനന്തപുരം തീരത്ത് അടിഞ്ഞു. നർഡിൽസ് എന്ന പ്ലാസ്റ്റിക് തരികൾ തിരുവനന്തപുരത്ത് അടിഞ്ഞിട്ടുണ്ട്. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ് സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പ്രയാസങ്ങൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസം നൽകും. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും സൗജന്യ റേഷനും നൽകും. അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങുമായി വന്നു, അദ്ദേഹവുമായി ചർച്ച നടത്തി.