ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് പറഞ്ഞിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലയണൽ മെസി, ഡീഗോ മറഡോണ, പെലെ എന്നിവരെക്കാൾ ഫുട്ബോളിൽ പൂർണ്ണനായ താരം താനാണെന്നാണ് റൊണാൾഡോ ഒരു അഭിമുഖത്തിൽ പറഞ്ഞത്. മാധ്യമപ്രവർത്തകനായ എൽ അഗ്യൂറുമായുള്ള സംഭാഷണത്തിൽ പറഞ്ഞ വാക്കുകൾ എന്തായാലും ഇപ്പോൾ വൈറലായി ഓടുകയാണ്.
മുമ്പും പലതവണ താൻ ആണ് ലോകചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‍ബോൾ താരമെന്ന് റൊണാൾഡോ പറഞ്ഞെങ്കിലും ഇത്തവണ വാക്കുകൾ കടിപ്പിക്കുക ആയിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘എനിക്ക് തോന്നുന്നു ഫുട്ബോളിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും പൂർണ്ണമായ ഫുട്ബോൾ താരം ഞാൻ ആണെന്ന്. ആളുകൾക്ക് മെസി, മറഡോണ അല്ലെങ്കിൽ പെലെ എന്നിവരെ ഇഷ്ടപ്പെടാം. ഞാൻ അതിനെ എല്ലാം ബഹുമാനിക്കുന്നു. പക്ഷെ എന്നേക്കാൾ മികച്ച മറ്റൊരു താരവും ഇല്ല. എന്റെ ഹൃദയത്തിൽ നിന്നാണ് ഞാൻ ഇതെല്ലം പറയുന്നത്. “അദ്ദേഹം പറഞ്ഞു.
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്ന ഇതിഹാസങ്ങൾ ഫുട്ബാളിൽ നൽകിയിട്ടുള്ള സംഭാവനകൾ ഒരു ആരാധകനും മറക്കില്ല. ഇവരുടെ യുഗത്തിൽ കുറച്ചെങ്കിലും തിളങ്ങാൻ സാധിച്ചിട്ടുള്ള താരങ്ങൾ ഭാഗ്യവാന്മാരാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഫുട്ബാളിൽ തങ്ങളുടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് താരങ്ങൾ.
മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അടുത്ത 2026 ലോകകപ്പ് കളിക്കാൻ ഇരുവരും ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.