ഏഴ് വര്‍ഷത്തെ ഏറ്റവും മോശം ഫോമില്‍ മെസ്സി

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി 2010ന് ശേഷമുളള ഏറ്റവും മോശം ഫോമില്‍. 2010 ന് ശേഷം ആദ്യമായാണ് മെസ്സി തുടര്‍ച്ചയായ ആറ്‌ കളികളില്‍ ഗോള്‍ കണ്ടെത്താതെ വിഷമിയ്ക്കുന്നത്. ഞായറാഴ്ച വലന്‍സിയക്കെതിരായി നടന്ന മത്സരത്തില്‍ മെസ്സി ഗോള്‍ നേടിയിരുന്നെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.

2010ന് ശേഷം ഇതാദ്യമായാണ് ഇത്രയും ദൈര്‍ഘ്യമേറിയ ഗോള്‍ വരള്‍ച്ച മെസ്സി നേരിടുന്നത്. ഗോള്‍ രഹിതമായ അവസാന ആറ്‌ കളികളില്‍ അഞ്ച്‌ എണ്ണം ബാഴ്‌സലോണയുടെ ജേഴ്‌സിയിലാണ് മെസ്സി ഇറങ്ങിയത്.

ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലുമായി അഞ്ച്‌ കളികളും ഒരു കളി അര്‍ജന്റീനയ്ക്ക് വേണ്ടിയുമായിരുന്നു മെസ്സി ഇറങ്ങിയത്.റഷ്യയ്‌ക്കെതിരെയ സൗഹൃദ മത്സരത്തിനായിരുന്നു അര്‍ജന്റീനയ്ക്കുവേണ്ടി സൂപ്പര്‍ സ്‌ട്രൈക്കര്‍ അവസാനമായി ഇറങ്ങിയത്.ഈ മത്സരങ്ങളിലെല്ലാം ഗോള്‍ മെസ്സിയില്‍ നിന്ന് അകന്ന് നിന്നു.

വലന്‍സിയയ്ക്കെതിരായ അവസാന മത്സരത്തില്‍ മെസ്സിയുടെ ഗോള്‍ റഫറി നിഷേധിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മത്സരത്തില്‍ ബാഴ്‌സയെ വലന്‍സിയ സമനിലയില്‍ തളച്ചു.(1-1)

ഗോള്‍ അടിച്ചിട്ട് ആറ് കളികളായി എങ്കിലും മെസ്സി തന്നെയാണ് ലാലീഗയില്‍ ടോപ് സ്‌കോറര്‍. 13 മത്സരങ്ങളില്‍ നിന്ന് 12 തവണ മെസ്സി ഗോള്‍വല ചലിപ്പിച്ചു.