രൂക്ഷവിമര്‍ശനം; ഒടുവില്‍ നാണംകെട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

കഴിഞ്ഞ ദിവസം നടന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്ലിലെ ഏറ്റവും നിര്‍ണായക മത്സരമായിരുന്നു. ഇനിയൊരു മത്സരത്തിലെ തോല്‍വി പോലും ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ ഇല്ലാതാക്കുന്നതായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്കു ചിറകു നല്‍കിക്കൊണ്ട് ആരാധകര്‍ കാത്തിരുന്ന വിജയമാണ് ഡല്‍ഹിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നേടിയത്.

എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കളിച്ച ഗ്യാലറിയുടെ അവസ്ഥ വളരെയധികം പരിതാപകരമായിരുന്നു. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് വളരെ വളരെ ശുഷ്‌കമായ ആരാധകര്‍ക്കു മുന്നിലാണ് ബ്ലാസ്റ്റേഴ്‌സ് പന്തു തട്ടിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ ഏറ്റവും കുറവ് കാണികളെത്തിയത് ഇന്നലെയാവും.

ആരാധകരുടെ ഈ നടപടി ചോദ്യം ചെയ്യുകയാണ് പലരും. ഒരുപാട് തിരിച്ചടികള്‍ക്കിടയില്‍ പതറി ഒരു നിര്‍ണായക മത്സരത്തിനിറങ്ങുമ്പോഴാണ് ടീമിനെ ആരാധകര്‍ ഏറ്റവും കൂടുതല്‍ പിന്തുണക്കേണ്ടത്. എന്നാല്‍ ഇന്നലെ നേരെ തിരിച്ചായിരുന്നു. ആര്‍ത്തിരമ്പിയ മഞ്ഞപ്പട ഫാന്‍ ഗ്രൂപ്പ് മാത്രമാണ് സ്റ്റേഡിയത്തില്‍ മികച്ച അന്തരീക്ഷം സൃഷ്ടിച്ച് ബ്ലാസ്റ്റേഴ്‌സിനു പൊരുതാനുള്ള വീര്യം നല്‍കിയത്.

പ്ലേ ഓഫ് സാധ്യത പോകട്ടെ, ആറാം സ്ഥാനത്തെങ്കിലും എത്തിയാല്‍ അടുത്തു തന്നെ നടക്കാനിരിക്കുന്ന ഐഎസ്എല്‍ ഐ ലീഗ് മുന്‍നിരക്കാരെ വച്ചു നടത്തുന്ന ടൂര്‍ണമെന്റിലേക്ക് ബ്ലാസ്റ്റേഴ്‌സിനു മുന്നേറേകാനാകും. അതെങ്കിലും ഉളളില്‍ കരുതി ടീമിനെ പിന്തുണക്കണമെന്നാണ് ഒരു കൂട്ടം ആരാധകരുടെ ആവശ്യം. ഇല്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് വെറും പ്ലാസ്റ്റിക് ഫാന്‍സ് ആകുമെന്നും ഇവര്‍ പറയുന്നു.