മെസ്സി ആരാധികയ്ക്ക് ബാഴ്‌സയുടെ വക സര്‍പ്രൈസ്!! കയ്യടിച്ച് ലോകം

തങ്ങള്‍ ആരാധനയോടെ മാത്രം നോക്കിയിരുന്ന താരങ്ങള്‍ ഒരു യാത്രയ്‌ക്കൊടുവില്‍ നിങ്ങളെ നേരിട്ട് എത്തി സ്വീകരിക്കാനായി വന്നാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ. അത്തരമൊരു അനുഭവമാണ് നുജിന്‍ മുസ്തഫ എന്ന സിറിയന്‍ അഭയാര്‍ഥിയ്ക്കുണ്ടായിരിക്കുന്നത്.

ചെറുപ്പത്തില്‍ സെറിബല്‍ പാള്‍സി ബാധിച്ച് കാലുകള്‍ക്ക് ചലനം നഷ്ടപ്പെട്ടിരുന്നു നുജിന്. വീല്‍ചെയറിലാണ് സഞ്ചാരം. ഇംഗ്ലീഷും ജര്‍മ്മനുമുള്‍പ്പടെ നാല് ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാം നുജിന്.  കടുത്ത ഫുട്‌ബോള്‍ ആരാധികയായ ഈ പെണ്‍കുട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട ടീം സ്പാനിഷ് ക്ലബായ ബാഴ്‌സലോണയാണ്.

സിറിയന്‍ പ്രശ്‌നം കൊടുംപിരികൊണ്ടിരുന്ന 2015 ല്‍ അയ്യായിരം കിലോമിറ്ററോളം സഞ്ചരിച്ച് തന്റെ പ്രിയപ്പെട്ട ടീമിനെയൊന്ന് കാണാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും യൂറോപ്പില്‍ നിലനിന്നിരുന്ന അഭയാര്‍ഥി പ്രശ്‌നങ്ങള്‍ നുജിന് വില്ലനായി.

ഒടുവില്‍ ബാഴ്‌സലോണയുടെ ആരാധികയേക്കുറിച്ച് കേട്ടറിഞ്ഞ ക്ലബ് നുജിന് ഒരു കിടിലന്‍ സര്‍പ്രൈസാണ് നല്‍കിയത്. ക്ലബിന്റെ അവധിക്കാല ക്യാമ്പിലേക്കാണ് നൂജിനെ ബാഴ്‌സ അധികൃതര്‍ എത്തിച്ചത്. ജര്‍മനിയിലെ കോളോംഗില്‍ നിന്ന് ക്ലബ്ബ് ആസ്ഥാനമായ കാറ്റലോണിയ വരെ നൂജിനെ എത്തിച്ചത് ക്ലബ്ബിന്റെ ഔദ്യോഗിക വാഹനത്തിലാണ്. ക്ലബ്ബിന്റെ അവധികാല ക്യാമ്പില്‍ എത്തിച്ച നുജിനെ സ്വീകരിക്കാനെത്തിയത് ഫുട്‌ബോള്‍ ഇതിഹാസം മെസിയും, കൂടെ പിക്ക്വേയും, ഇനിയേസ്റ്റയുമൊക്കെ. വാക്കുകള്‍കൊണ്ട് വിവരിക്കാനാവുന്നതല്ല ആ സന്ദര്‍ഭങ്ങള്‍ എന്നാണ് ഈ പെണ്‍കുട്ടി പറഞ്ഞത്.

” കുഞ്ഞുങ്ങളുടെ മുഖമാണ് മെസിക്ക്. 30 വയസിന്റെ അടയാളങ്ങളൊന്നും അയാളിലില്ല. എത്ര ചെറുപ്പമാണ് മെസ്സിക്ക്.  2007 മുതല്‍ മെസിയെ ഞാന്‍ കാണുകയാണ്. അന്നും മെസ്സിയ്ക്ക് ഒരു കുഞ്ഞിന്റെ മുഖമാണുള്ളത്. ഇപ്പോള്‍ മെസ്സി ഒരു മുതിര്‍ന്ന ആളായി. അയാളൊരു നാണംകുണുങ്ങിയാണ്. അന്നും ഇന്നും.”നുജീന്‍ പറഞ്ഞു. ബാഴ്‌സലോണയുടെ ഏതാനും മത്സരങ്ങളും കണ്ട ശേഷമാണ് ഈ 18കാരി മടങ്ങിയത്.