11 മെസിയെ പോയിട്ട് ഒരെണ്ണത്തെ പൂട്ടാൻ സാധിക്കാതെ കുടുങ്ങി ഓസ്ട്രേലിയ, വിജയരാവിൽ ബ്രസീലിനെ വെല്ലുവിളിച്ച് അര്ജന്റീന

ഇതാണ് അര്ജന്റീന ആരാധകർ ആഗ്രഹിച്ചത്, കഴിഞ്ഞ മത്സരത്തിലെ സമ്പൂർണമായ ആധിപത്യം നേടിയ വിജയത്തിന് ശേഷം സ്ഥിരതയോടെ മറ്റൊരു വിജയം. മെസി ഒരിക്കൽക്കൂടി എതിരാളികളുറെ മേൽ തീയായി പെയ്ത രാവിൽ അര്ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഓസ്‌ട്രേലിയയെ തോൽപ്പിച്ച് അടുത്ത റൗണ്ടിൽ നെതെര്ലാന്ഡ്സിനെ നേരിടാൻ യോഗ്യത നേടി.

കളിയുടെ തുടക്ക നിമിഷങ്ങളിൽ ചില നാല് നീക്കങ്ങൾ നടത്തി എന്നതൊഴിച്ചാൽ ഓസ്‌ട്രേലിയക്ക് ഓർക്കാൻ സുഖം ഉള്ളതൊന്നും മത്സരത്തിൽ ഇല്ലായിരുന്നു. പതുക്കെ മത്സരത്തിലേക് തിരികെ എത്തിയ അര്ജന്റീന അവർ ആഗ്രഹിച്ച ഗോളിലേക്ക് എത്തിയത് മെസി വഴി. 35-ാം മിനുറ്റില്‍ മെസിയുടെ സുന്ദരന്‍ ഫിനിഷിംഗ്. എല്ലാം തുടങ്ങിയത് ഒരു ഫ്രീകിക്കില്‍ നിന്നാണ് ഗോളിലേക്കുള്ള തുടക്കം ആരംഭിക്കുന്നത്. മെസിയെടുത്ത കിക്ക് സൗട്ടര്‍ തട്ടിയകറ്റി. പന്ത് വീണ്ടും കാലുകൊണ്ട് വീണ്ടെടുത്ത മെസി മാക് അലിസ്റ്ററിന് മറിച്ചുനല്‍കി. അവിടെനിന്ന് ബോള്‍ നേരെ ഡീ പോളിലേക്ക്. വീണ്ടും കാല്‍കളിലേക്ക് നീന്തിയെത്തിയ പന്തിനെ മെസി, റയാന് അര്‍ധാവസരം പോലും നല്‍കാതെ വലയിലെത്തിക്കുകയായിരുന്നു. ക്ലാസ്സിക്കൽ മെസി ടച്ച്. തുടർന്നും ആക്രമിച്ച ടീമിനായി അൽവാർസ് രണ്ടാം പകുതിയിൽ ഗോൾ നേടിയതോടെ ടീം സേഫ് സോണിലായി.

കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയ അർജന്റീനക്ക് പിഴച്ചത് കളിയുടെ അധിക സമയത്താണ്. എന്‍സോയുടെ ഡിഫ്ലക്ഷനില്‍ സ്വന്തം പോസ്റ്റിൽ ഗോൾ വീണു. അപ്പോഴേക്കും അര്ജന്റീന ആരാധകർ വിജയം ഉറപ്പിച്ചിരുന്നു.

ഓരോ മത്സരത്തിലും കൂടുതൽ മെച്ചമായി കളിക്കുന്ന ടീമിന്റെ അടുത്ത എതിരാളികൾ ഓറഞ്ച് പടയാണ്. ആ പരീക്ഷണം അവർ അതിജീവിക്കുമെന്ന് ആരാധകർ പറയുന്നു.