അയാളെ നിങ്ങൾക്ക് പരിഹസിക്കാം, പക്ഷെ ആ പോരാട്ടവീര്യം കണ്ടില്ലെന്ന് നടിക്കാനാകില്ല

Mathews Renny

നിങ്ങളുടെ ജീവിതത്തിൽ വിജയത്തിന്റെ കൊടിമുടിയിൽ നിന്ന് പടുകുഴിയിലേക്ക് വീണിട്ടുണ്ടോ?? നിങ്ങൾക്ക് താര പരിവേഷം നൽകിയവർ ഒരു നിമിഷം കൊണ്ട് നിങ്ങൾക്കെതിരെ തിരിഞ്ഞിട്ടുണ്ടോ?? ഒരു ജനത മുഴുവൻ നിങ്ങളെ നോവ് വാക്കുകൾ കൊണ്ട് മുറിവേല്പിച്ചിട്ടുണ്ടോ ? സ്വന്തം ജീവിതം പോലും നഷ്ടപെടുന്ന പരിക്ക് നിങ്ങൾ സംഭവിച്ചപ്പോൾ എതിരാളികൾ നിങ്ങളെ നോക്കി ചിരിച്ചിട്ടുണ്ടോ?? പരിക്കിന് പോലും വക വെക്കാതെ നിങ്ങൾ ജീവിതത്തിലേക്ക് തിരകെ വരുമ്പോൾ വീണ്ടും നിങ്ങൾ പുച്ഛിച്ചിട്ടുണ്ടോ?? ഇത്രയേറെ കാര്യങ്ങൾ ഒരു മനുഷ്യൻ സഹിക്കാൻ കഴിയുമോ.

ഇല്ല എന്നാ ഉത്തരമാവും നമുക്ക് നൽകാൻ ഉണ്ടാവുക.പക്ഷെ സ്റ്റീവൻ പീറ്റർ ഡെവരസ് സ്മിത്തിന് പറയാനുള്ളത് ഇല്ല എന്നാ ഉത്തരമായിരുന്നില്ല. അതെ ഇത് അയാളുടെ കഥയാണ്. ഷെയിൻ വോണിന് പകരക്കാരനവാൻ ടീമിൽ വന്നു റിക്കി പോണ്ടിങ്ങിന് പകരക്കാരനായി മാറിയ സ്റ്റീവ് സ്മിത്തിന്റെ കഥ. 1989 ജൂൺ 2 ന്ന് ഓസ്ട്രേലിയിലെ ന്യൂ സൗത്ത് വെയൽസിലാണ് അദ്ദേഹം ജനിച്ചത്.പല വിഖ്യാത കളിക്കാരും ഉയർന്നു വന്ന 2008 അണ്ടർ -19 ലോകകപ്പിലൂടെയാണ് അയാളും ഉയർന്നു വന്നത്.

തുടർന്നു ഡോമസ്റ്റിക് മത്സരങ്ങളിലെ മികച്ച പ്രകടനം മൂലം ഓസ്ട്രേലിയ ദേശിയ ടീമിലേക്ക്.തന്റെ ബൗളിംഗ് മികവ് കൊണ്ട് ഓസ്ട്രേലിയ ടീമിലെ സ്ഥിര സാനിധ്യമായി അദ്ദേഹം മാറി.2010 ട്വന്റി ട്വന്റി ലോകക്കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഓസ്ട്രേലിയ ബൗളേർ അദ്ദേഹമാണ് എന്ന് അറിയുന്നത് ആശ്ചര്യം തോന്നുന്ന കാര്യമാണ്. പക്ഷെ തന്നിലെ ബൗളിംഗ് ക്ഷയിച്ചു തുടങ്ങിയപ്പോൾ അയാൾ തന്റെ ബാറ്റ് ആയുധമാക്കി. തനിക്ക് വേണ്ടി തന്റെ ബാറ്റ് എന്നും ശബ്‌ദിച്ചു കൊണ്ടിരുന്നു. 2015 ലോകകപ്പിൽ ഇന്ത്യ അടക്കുമുള്ള പല വമ്പന്മാരും ആ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞതാണ്. എന്നാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ സ്മിത്ത് ആയിരുന്നില്ല യഥാർത്ഥ അപകടകാരി.

ബാഗി ഗ്രീന് ധരിച്ച അയാൾ ക്രിക്കറ്റ് എന്നാ മനോഹാരിതയുടെ ആത്മാവ് കുടികൊള്ളുന്ന ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ബാറ്റുമായി നവചരിതം കുറിച്ചു കൊണ്ടിരുന്നു. അയാളുടെ ഓരോ ഷോട്ടുകളും ക്രിക്കറ്റ്‌ പ്രേമികളെ ആവേശത്തിലാക്കി. എന്തിനേറെ അയാളുടെ ഓരോ ലീവുകൾ ക്രിക്കറ്റ്‌ പ്രേമികൾ വല്ലാതെ ആസ്വദിച്ചു പോന്നു.

ഒടുവിൽ സ്മിത്ത് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത എന്നാൽ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ആ ദിനം വന്നെത്തി. കേപ്പ് ടൗണിലെ ആ നശിച്ച നിമിഷത്തിൽ അയാൾക് മുന്നിൽ സ്തുതി പാടി കൊണ്ടിരുന്നവർ അയാളുടെ ചോരക്ക് വേണ്ടി ആർത്തു വിളിച്ചു. തന്റെ തെറ്റ് അയാൾ ഏറ്റു പറഞ്ഞു ഒരു കുഞ്ഞു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു വെങ്കിലും ഓസ്ട്രേലിയ ക്രിക്കറ്റ്‌ ബോർഡ്‌ വാർണറിനും ബാൻക്രോഫ്റ്റിന് ഒപ്പം അയാളെ വിലക്കി.

ലോകകപ്പിന് തൊട്ട് മുന്നേ അയാൾ ടീമിലേക്ക് തിരകെയെത്തി.പക്ഷെ താൻ ഇറങ്ങുന്ന ഓരോ മത്സരത്തിലും അയാൾക്ക് എതിരെ കാണികൾ കൂവി വിളിച്ചു. ചീറ്റർ ചീറ്റർ എന്നാ സ്വരം സ്റ്റേഡിയം എങ്ങും മുഴങ്ങി.പക്ഷെ ലോകകപ്പിൽ തന്റെ മികവിലേക്ക് ഉയരാൻ അയാൾക്ക് സാധിച്ചില്ല. എന്നാൽ ദൈവം ഏതു ഒരു മനുഷ്യനും തന്റെ പാപകറ കഴുകി കളയാൻ ഒരു അവസരം നൽകും. നഷ്ടപെട്ട് പോയ നല്ല കാലം തിരകെ പിടിക്കാൻ ദൈവം അയാൾക്ക് നൽകിയ ഏറ്റവും നല്ല അവസരമായിരുന്നു ലോകകപ്പിന് ശേഷം വന്ന ആഷസ്.

തന്റെ ഇഷ്ടവേദിയിലേക്കുള്ള അയാളുടെ തിരിച്ചു വരവ് അത്ര സുഖകരമായിരുന്നില്ല. വീറും വാശിയും നിറഞ്ഞ ആഷേസിൽ ഇംഗ്ലണ്ട് ടീമും ഇംഗ്ലണ്ട് ആരാധകരും അദ്ദേഹത്തെ നേരിട്ടത് വളരെ വിചിത്രമായ രീതിയിലായിരുന്നു. അന്തരീക്ഷത്തിലെങ്ങും ചീറ്റർ എന്നാ വിളികൾ പ്രതിധ്വനിക്കുന്നു. ഇംഗ്ലീഷ് ആരാധകർ എല്ലാം അദ്ദേഹത്തെ അപമാനിക്കാൻ വേണ്ടിയുള്ള മാസ്കുകൾ ധരിച്ചിരിക്കുന്നു. പണ്ട് ബ്രാഡ്മനോട് എന്താണോ ജാർഡിയനും സംഘവും ചെയ്തത് അത് ഒരിക്കൽ കൂടി സ്മിത്തിനോട് റൂട്ടും സംഘവും ചെയ്തു. “ദി ബോഡിലൈൻ”.

ഓസ്ട്രേലിയൻ ബാറ്റസ്മാന്മാർ എല്ലാം ആയുധം വെച്ച് കീഴടങ്ങിയപ്പോൾ തിരിച്ചു വരവിലെ തന്റെ ആദ്യ  മത്സരത്തിൽ അയാൾ ഒറ്റക്ക് പട പൊരുതി നേടിയത് രണ്ട് സെഞ്ച്വറികളായിരുന്നു. തന്റെ തലയിൽ പന്ത് കൊണ്ട് അയാൾ കളിക്കളം വിട്ട് തിരകെ കളത്തിലേക്ക് എത്തി അടിച്ചു അടിച്ചു കൂട്ടിയത് 4 മത്സരങ്ങളിൽ നിന്ന് 774 റൺസാണ്.

അതെ തന്നെ കൂവിയവർക്ക് മുന്നിൽ വെച്ച് തന്നെ,അതെ തന്നെ ചീറ്റർ എന്ന് മുദ്ര കുത്തിയർവർക്ക് മുന്നിൽ വെച്ച് തന്നെ അയാൾ താൻ ആരാണെന്ന് കാണിച്ചു കൊടുത്തിരിക്കുന്നു. നിങ്ങൾ ജീവിതത്തിൽ തോറ്റു പോയി എന്ന് തോന്നിയാൽ ഒരു സമൂഹം മുഴുവൻ നിങ്ങൾക്കെതിരെ തിരിഞ്ഞുവെന്ന് തോന്നിയാൽ നിങ്ങൾ സ്റ്റീവ് സ്മിത്തിലേക്ക് നോക്കുക. അയാൾ പറഞ്ഞു തരും നിങ്ങൾ നടക്കേണ്ട വഴികൾ, പരിഹാസങ്ങളും കുത്തുവാക്കുകളും സ്തുതി ഗാനങ്ങളാക്കി മാറ്റുന്ന വഴികൾ.

കടപ്പാട്:: ക്രിക്കറ്റ് പ്രാന്തന്മാർ