ലോകത്തിലെ മൂന്നാമത്തെ വലിയ ധനികന്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്..!, ഇറക്കുന്നത് റെക്കോഡ് തുക, മുകേഷ് അംബാനി വീണു!

2021ല്‍ ഒരു ഐപിഎല്‍ ടീമിനെ ഇറക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം, ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ഗൗതം അദാനി ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്. പ്രഥമ വനിതാ ഐപിഎല്ലിലൂടെയാണ് (WIPL) അദാനി ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ഇന്റര്‍നാഷണല്‍ ലീഗ് ടി20യില്‍ (ILT20) അദാനിയുടെ ഉടമസ്ഥതയിലുള്ള ടീമുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ അവരുടെ ആദ്യ സംരംഭമാണിത്.

നാളെ പ്രഥമ വനിതാ ഐപിഎല്ലിനായുള്ള ടീമുകളുടെ ലേലം നടക്കാനിരിക്കെ അഹമ്മദാബാദ് ഫ്രാഞ്ചൈസിക്കായി അദാനി ഗ്രൂപ്പ് 1289 കോടി രൂപയുടെ റെക്കോര്‍ഡ് ബിഡ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബിഡ് തുകയാണിത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പായിരുന്നു ഇതുവരെ മുന്നില്‍. 912 കോടി രൂപയ്ക്കാണ് അവര്‍ മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

നിലവിലെ ഐപിഎല്‍ ടീമുകള്‍ ഉള്‍പ്പടെയുള്ളവര്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള ടെക്നിക്കല്‍ ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ഐപിഎല്‍ ടീമുകള്‍ ലേലത്തില്‍ പങ്കെടുക്കും.

ഐപിഎല്‍ ടീമുകള്‍ക്ക് പുറമെ അദാനി ഗ്രൂപ്പ്, ഹല്‍ദിറാംസ്, ടെറെന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇന്‍ഫോസിസ് തുടങ്ങിയവരും ടെക്നിക്കല്‍ ബിഡ് നല്‍കിയിട്ടുണ്ട്.കുറഞ്ഞത് 1000 കോടി ആസ്തിയുള്ളവര്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. അതേ സമയം ഫ്രൈഞ്ചൈസികളുടെ അടിസ്ഥാന വില ബിസിസിഐ നിശ്ചയിച്ചിട്ടില്ല. വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ അഞ്ച് ടീമുകളാവും ഉണ്ടാവുക.

WIPL 2023 ടീമുകള്‍:

അഹമ്മദാബാദ് – അദാനി (1289 കോടി രൂപ)
മുംബൈ – റിലയന്‍സ് (MI) – 912 കോടി രൂപ
ബാംഗ്ലൂര്‍ – ഡിയാജിയോ (RCB) – 901 കോടി
ലഖ്നൗ – കാപ്രി ഗ്ലോബല്‍ – 757 കോടി
ഡല്‍ഹി – ഡിസി ഫ്രാഞ്ചൈസി – 810 കോടി

അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്നൗ സൂപ്പര്‍ ജയിന്റ്സ് എന്നീ ടീമുകള്‍ ലേലത്തിനായുള്ള താല്‍പ്പര്യം അറിയിച്ചിട്ടില്ല. പുരുഷ ഐപിഎല്ലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് പറഞ്ഞത്. ഭാവിയില്‍ വനിതാ ടീമിനെ സ്വന്തമാക്കിയേക്കുമെന്നും ഗുജറാത്ത് അറിയിച്ചു.