ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ബി.സി.സി.ഐയുടെ നിര്‍ണായക തീരുമാനം പുറത്ത്

ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക് മാറ്റിയ സാഹചര്യത്തില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് നേരത്തെ തിരിക്കും. ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ കഴിയേണ്ട 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ടത് പരിഗണിച്ചാണ് നേരത്തെ തിരിക്കാനുള്ള തീരുമാനത്തിലേക്ക് ബി.സി.സി.ഐ എത്തിയത്.

നേരത്തെ ഐ.പി.എല്‍ കഴിഞ്ഞ ശേഷം ഇംഗ്ലണ്ടിലേക്കു തിരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡ് മൂലം ഐ.പി.എല്‍ ഉപേക്ഷിച്ചതോടെ ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിലേക്ക് അയക്കുമെന്നാണ് വിവരം.

24 അംഗ ടീമിനെ ഇംഗ്ലണ്ടിലേക്ക് അയക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. ചേതന്‍ ശര്‍മ അദ്ധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയോട് 24 അംഗ കളിക്കാരുടെ ഒരു പട്ടിക സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ നേരത്തെ നിര്‍ദേശിച്ചിരുന്നു.

ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. കെയിന്‍ വില്ല്യംസണിന്റെ നേതൃത്വത്തിലുള്ള 20 അംഗ ടീമിനെ ന്യൂസിലന്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.