വലിയ ഇംപാക്ട് സൃഷ്ടിക്കും; ബുംറയ്ക്ക് പകരക്കാരനെ നിര്‍ദ്ദേശിച്ച് വാട്‌സണ്‍

പരിക്കിനെ തുടര്‍ന്ന് ടി20 ലോകകപ്പ് ടീമില്‍നിന്ന് പുറത്തായ ജസപ്രീത് ബുംറയ്ക്ക് പകരക്കാരനെ നിര്‍ദ്ദേശിച്ച് ഓസട്രേലിയന്‍ മുന്‍ താരം ഷെയ്ന്‍ വാട്‌സണ്‍. ഈ സ്ഥാനത്തേക്ക് മുഹമ്മദ് ഷമി, ദീപക് ചഹാര്‍ തുടങ്ങി പല പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും മുഹമ്മദ് സിറാജിനെയാണ് വാട്‌സണ്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ജസ്പ്രീത് ബുംറക്ക് കളിക്കാന്‍ പറ്റാതെ വന്നാല്‍ പകരക്കാരനായി ഞാന്‍ നിര്‍ദേശിക്കുന്നത് മുഹമ്മദ് സിറാജിനെയാണ്. അവന്‍ ശക്തനായ താരമാണ്. ഓസ്ട്രേലിയന്‍ പിച്ചുകളില്‍ പേസും ബൗണ്‍സും അത്യാവശ്യമാണ്. ബുംറയുടെ അഭാവത്തില്‍ ഇന്ത്യക്കത് നല്‍കാന്‍ സാധിക്കുന്നത് സിറാജിനാണ്.

ന്യൂബോളില്‍ മികച്ച താരമാണവന്‍. നന്നായി പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിവുണ്ട്. കഴിഞ്ഞ ഐപിഎല്ലുകളിലൊക്കെ ഭേദപ്പെട്ട പ്രകടനമാണ് അവന്‍ നടത്തിയത്. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സിറാജെന്നും വാട്സണ്‍ പറഞ്ഞു.

ടെസ്റ്റില്‍ ഇന്ത്യക്കായി ഓസ്ട്രേലിയയില്‍ കളിച്ച അനുഭവസമ്പത്ത് സിറാജിനുണ്ട്. മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിനായിട്ടുണ്ട്. എന്നാല്‍ ടി20യില്‍ ഇക്കോണമി നിയന്ത്രിച്ച് പന്തെറിയാന്‍ കഴിയാത്തതാണ് താരത്തിന്റെ പോരായ്മ.