സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ നായക സ്ഥാനം വിയാൻ മുൾഡറിനായിരുന്നു. അപ്രതീക്ഷിതമായ ഉത്തരവാദിത്തം ഉണ്ടായിരുന്നിട്ടും, മുൾഡർ അവസരത്തിനൊത്ത് ഉയർന്നുവന്ന് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ അരങ്ങേറ്റത്തിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് സൃഷ്ടിച്ചു. ബുലവായോയിൽ നടന്ന മത്സരത്തിന്റെ രണ്ടാം ദിവസമാണ് മുൾഡർ ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്.
1968-ൽ ക്രൈസ്റ്റ്ചർച്ചിൽ ഇന്ത്യയ്‌ക്കെതിരെ തന്റെ ആദ്യ ഇന്നിംഗ്‌സിൽ 239 റൺസ് നേടിയ ന്യൂസിലൻഡിന്റെ ഗ്രഹാം ഡൗളിംഗിനെയാണ് മുൾഡർ ഇവിടെ മറികടന്നത്. ടോസ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച സിംബാബ്‌വെ, തുടക്കത്തിൽ രണ്ട് ഓപ്പണർമാരെയും വെറും 24 റൺസിന് പുറത്താക്കി ശരിയായ തീരുമാനം എടുത്തതായി തോന്നി. എന്നിരുന്നാലും, സിംബാബ്‌വെ ബോളർമാരെ തകർത്തുകൊണ്ട് മുൾഡർ ഒരു പ്രത്യാക്രമണത്തിലൂടെ ടീമിനെ ഉറപ്പിച്ചു.
334 പന്ത് നേരിട്ട താരം 49 ഫോറുകളുടെയു നാല് സിക്സിന്റെയും അകമ്പടിയിൽ 367* റൺസെടുത്ത് പുറത്താകാതെനിന്നു. ഡേവിഡ് ബെഡിംഗ്ഹാം (82), ലൂത്തോ സിപാംല (78) എന്നിവരുമായി അദ്ദേഹം നിർണായക കൂട്ടുകെട്ടുകൾ സൃഷ്ടിച്ച താരം ടീമിനെ 626 എന്ന സംഖ്യയിലെത്തിച്ച് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ട്രിപ്പിൾ സെഞ്ച്വറിയുടെ സഹായത്തോടെ അദ്ദേഹം ഇതിനകം റെക്കോർഡ് ബുക്കുകളിൽ തന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഷിം അംലയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ് മുൾഡർ. 297 പന്തിൽ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ച്വറി നേട്ടമാണിത്. 2008 ൽ ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വീരേന്ദർ സെവാഗ് 278 പന്തിൽ നിന്ന് നേടിയ ട്രിപ്പിൾ സെഞ്ച്വറിയാണ് ഏറ്റവും വേഗതയേറിയത്.
Read more
മികച്ച ഡച്ചുമായി താരം കുതിച്ചെങ്കിലും പക്ഷേ ബ്രയാൻ ലാറയുടെ റെക്കോർഡ് (400*) അതേപടി നിലനിൽക്കുന്നു. ഒരു പക്ഷേ ഇന്നിംഗ്സ് ഡിക്ലയര് ചെയ്തില്ലായിരുന്നെങ്കിൽ ആ റെക്കോഡും മുൾഡർ മറികടന്നേനെ.