'ഞാന്‍ കളിച്ചിരുന്ന കാലത്തെയാണ് അവന്‍ ഓര്‍മ്മിപ്പിക്കുന്നത്'; ഇന്ത്യന്‍ യുവതാരത്തെ കുറിച്ച് ലാറ

വേഗമുള്ള ഡെലിവറികളുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യയുടെ ഭാവി പേസ് ബോളര്‍ ഉമ്രാന്‍ മാലിക്കിനെ വാനോളം പുകഴ്ത്തി വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. താന്‍ കളിച്ചിരുന്ന കാലത്തെയാണ് ഉമ്രാന്‍ മാലിക്കിന്റെ ബോളിംഗ് ഓര്‍മപ്പെടുത്തുന്നതെന്ന് ലാറ പറഞ്ഞു.

‘ഞാന്‍ കളിച്ചിരുന്ന കാലത്തെയാണ് ഉമ്രാന്‍ മാലിക്കിന്റെ ബോളിംഗ് കാണുമ്പോള്‍ ഓര്‍മ വരുന്നത്. എന്റെ സമയത്തു വിന്‍ഡീസിന്റെ ഇതിഹാസ താരങ്ങളെല്ലാം കളിക്കുന്നുണ്ടായിരുന്നു. സര്‍ മാല്‍ക്കം മാര്‍ഷല്‍, കോട്‌നി വാല്‍ഷ്, കേട്‌ലി ആംബ്രോസ്… വ്യത്യസ്ത തരത്തിലുള്ള ബോളര്‍മാരായിരുന്നു ഇവരെല്ലാം.’

‘പക്ഷെ എനിക്കു ഉമ്രാനെ കാണുമ്പോള്‍ ഫിഡല്‍ എഡ്വാര്‍ഡ്സിനെയാണ് ഓര്‍മ വരുന്നത്. തുടക്കകാലത്തു ഫിഡലും ഇതുപോലെയായിരുന്നു. അദ്ദേഹവും നല്ല വേഗതയിലായിരുന്നു ബോള്‍ ചെയ്തത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരുമ്പോള്‍ ഉമ്രാന്‍ ഒരുകാര്യം മനസിലാക്കണം. ഒരുപാട് ബാറ്റര്‍മാര്‍ക്കു വേഗമേറിയ ബോളിംഗിനെ ഭയമില്ല. അതുകൊണ്ടു തന്നെ തന്റെ ആവനാഴിയിലേക്ക് കുറച്ചുകൂടി പുതുതായി എന്തെങ്കിലും ചേര്‍ക്കാന്‍ ഉമ്രാന്‍ ശ്രമിക്കണം’ ലാറ പറഞ്ഞു.

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയ താരമാണ് ജമ്മു കാശ്മീരുകാരനായ ഉമ്രാന്‍ മാലിക്ക്. 150 കിമിക്കു മുകളില്‍ ബോള്‍ ചെയ്യാനുള്ള കഴിവാണ് താരത്തെ വളരെ പെട്ടെന്നു ശ്രദ്ധേയനാക്കിയത്. ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളാണ് 22 കാരന്‍ വീഴ്ത്തിയത്.