ബുംറയ്‌ക്കൊക്കെ എന്തിനാണ് വിശ്രമം?, ഒരു ടെസ്റ്റില്‍ 23 ഓവറുകള്‍ ചെയ്യുക വലിയ കാര്യമൊന്നുമല്ല; ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ടീം ഇന്ത്യ വിശ്രമം നല്‍കേണ്ട ആവശ്യമില്ലായിരുന്നുവെന്നു സുനില്‍ ഗവാസ്‌കര്‍. മിഡ്ഡേയുടെ കോളത്തിലാണ് ബുംറയ്ക്കു നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ഇന്ത്യയുടെ തീരുമാനത്തെ ഗവാസ്‌കര്‍ ചോദ്യം ചെയ്തത്. ഒരു ടെസ്റ്റില്‍ 23 ഓവറുകള്‍ ചെയ്യുകയെന്നത് അത്ര ക്ഷീണമുണ്ടാക്കുന്ന കാര്യമൊന്നുമല്ലെന്നും അതുകൊണ്ടു തന്നെ എന്തിനാണ് ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയതെന്നും ഗവാസ്‌കര്‍ ചോദിച്ചു.

ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റും വളരെ പ്രധാനപ്പെട്ടതു തന്നെയായിരുന്നു. ഇംഗ്ലണ്ട് ഈ ടെസ്റ്റില്‍ ജയിച്ചിരുന്നെങ്കില്‍ അവസാനത്തെ മല്‍സരം നിര്‍ണായകമായി മാറുകയും ചെയ്യുമായിരുന്നു. അതുകൊണ്ടു തന്നെ എന്‍സിഎയോ, ബുംറയോ ആരു തീരുമാനിച്ചതായാലും വിശ്രമം അനുവദിച്ചത് ഇന്ത്യന്‍ ടീമിന്റെ താല്‍പര്യത്തിനു ചേര്‍ന്നതായിരുന്നില്ല.

ബുംറയുടെ അഭാവം നികത്തുന്നതിനു വേണ്ടി യുവ പേസര്‍ ആകാശ്ദീപ് ഉജ്ജ്വലമായി തന്നെ ബൗള്‍ ചെയ്തു. വലിയ താരങ്ങളില്ലെങ്കില്‍ അതു നികത്താന്‍ യുവതാരങ്ങള്‍ ഇന്ത്യക്കു എല്ലായ്പ്പോഴുമുണ്ടാവുമെന്നു ഇതു കാണിച്ചു തന്നിരിക്കുകയാണ്- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Read more

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മാര്‍ച്ച് 7 വ്യാഴാഴ്ച ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പരമ്പരയിലെ ആദ്യ മത്സരം സന്ദര്‍ശകര്‍ വിജയിച്ചപ്പോള്‍ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകള്‍ വിജയിച്ച് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.