ജയസൂര്യയെ പോലുള്ളവര്‍ ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍, ഇവര്‍ക്കെല്ലാം പലപ്പോഴും ഭീഷണിയായിരുന്ന ഒരേ ഒരു ഇന്ത്യന്‍ ബോളര്‍

ഇന്നേവരേക്കും ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ക്കിടയില്‍ വെച്ച് ഏറ്റവും ഉന്നതങ്ങളില്‍ നില്‍ക്കുന്ന ഒരു കളിക്കാരന്‍.., അത്, ഇന്ത്യന്‍ ക്രിക്കറ്റിന് എന്നും അഭിമാനിക്കാവുന്ന യഥാര്‍ത്ഥ പോരാളി ‘മൈസൂര്‍ എക്‌സ്പ്രസ് ‘ എന്ന നാമത്തില്‍ അറിയപ്പെട്ടിരുന്ന ജവഗല്‍ ശ്രീനാഥാണ് ആ കളിക്കാരന്‍.

തൊണ്ണൂറുകളുടെ തുടക്കം ഇന്ത്യന്‍ ടീമിലെ മൂന്നാം ഫാസ്റ്റ് ബൗളറായി അരങ്ങേറിയ ആ കരിയറില്‍, കപില്‍ ദേവിന്റെ വിരമിക്കലിന് ശേഷം തൊണ്ണൂറുകളുടെ അവസാന പകുതിയും, രണ്ടായിരങ്ങളുടെ തുടക്കവുമൊക്കെ ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ ചുമതല ഏതാണ്ട് ഒറ്റക്ക് അദ്ദേഹത്തിന്റെ ചുമലിലായിരുന്നു ..

12 വര്‍ഷത്തെ ആ കരിയറില്‍ 68 ടെസ്റ്റ് മത്സരങ്ങളിലും, 228 ഏകദിന മത്സരങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. അതില്‍ 228 ടെസ്റ്റ് വിക്കറ്റുകളും, 315 ഏകദിന വിക്കറ്റുകളുമാണ് നേടിയിട്ടുളളത്. അതില്‍ തന്നെ ഏകദിനത്തിലെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കിടയില്‍ ഇന്നും ലീഡിങ് വിക്കറ്റ് ടേക്കറായി തുടരുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ ബൗളിംങ്ങ് കണക്കുകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍., ചില കണക്കുകള്‍ നിങ്ങള്‍ക്ക് അത്ര മികച്ചതായി തോന്നുന്നില്ലെങ്കില്‍ പോലും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അദ്ദേഹം പന്തെറിഞ്ഞിരുന്നപ്പോള്‍ പലപ്പോഴും ഇന്ത്യന്‍ സാഹചര്യത്തിലെ ഫ്‌ലാറ്റ് വിക്കുകളില്‍ ഒരു രക്ഷകന്റെ ദൗത്യവുമായി തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൂടെ നേടിയ വിക്കറ്റുകള്‍ക്ക് കൂടുതല്‍ വിലമതിക്കുന്നത് കൊണ്ട് അദ്ദേഹം ടീമിന് എത്രത്തോളം വിലമതിക്കാനാവാത്ത കളിക്കാരന്‍ ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ മത്സരങ്ങള്‍ കണ്ടവര്‍ എന്നും ഓര്‍ത്തിരിക്കും..

No photo description available.

1996ലെ കരുത്തരായ സൗത്താഫ്രിക്കയുമായുളള മൂന്ന് ടെസ്റ്റ് പരമ്പരയില്‍ അഹമ്മദാബാദില്‍ വെച്ചുളള ഒരു ലോ സ്‌കോറിങ് ത്രില്ലറില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച് കൊണ്ട്, മത്സരത്തിന്റെ നാലാം ഇന്നിങ്ങ്‌സില്‍ 6 വിക്കറ്റ് നേടുമ്പോള്‍ മൂന്ന് തവണ ബാക്ക് ടു ബാക്ക് വിക്കറ്റുകളുമായി മൂന്ന് തവണ ഹാട്രിക്കിന്റെ വക്കോളമെത്തിയ അപൂര്‍വ്വ പ്രകടനവും,,, 1999 ലെ ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൊല്‍ക്കത്തയില്‍ വെച്ച് പാക്കിസ്ഥാനെതിരെ പരാജയപ്പെട്ടെങ്കിലും, ഒരു ടെസ്റ്റ് മത്സരത്തില്‍ തോറ്റ ടീമിന് വേണ്ടിയുള്ള ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനങ്ങളിലൂടെ ഇരു ഇന്നിങ്ങ്‌സുകളിലുമായി 13 വിക്കറ്റുമായുള്ള ടോപ് ബൗളിങ്ങ് ഫിഗറുമൊക്കെ ശ്രീനാഥിന്റെ പേരിലാണ് എന്നറിയുമ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തിലും അദ്ദേഹം എത്രത്തോളം മാരകമായിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം ..

അക്രം – വഖാര്‍, ആംബ്രോസ് – വാല്‍ഷ്, ഡൊണാള്‍ഡ് – പൊള്ളോക്ക് പോലെ,, ആദ്യ ഓവറുകളില്‍ എതിര്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ശ്രീനാഥ് ശ്രിഷ്ടിക്കുന്ന പ്രഷര്‍ തുടര്‍ന്ന് പോകാന്‍ പാകത്തില്‍ നല്ലൊരു പിന്തുണയേകുന്ന പാര്‍ട്ണറെ അദ്ദേഹത്തിന് കിട്ടിയില്ല എന്നത് അക്കാലത്തെ ഏറ്റവും ദു:ഖകരമായ ഒരു കാര്യമായിരുന്നു. എങ്കിലും ഒരു പരാതിയുമില്ലാതെ അദ്ദേഹം ഇന്ത്യക്കായി പന്തെറിഞ്ഞു. അക്കാലത്ത് ആദ്യ 5 ഓവറിനുളളില്‍ ശ്രീനാഥ് വിക്കറ്റ് വീഴ്ത്താത്ത മത്സരങ്ങള്‍ തന്നെ നന്നേ കുറവായിരുന്നു..

തൊണ്ണൂറുകളില്‍ സനത് ജയസൂര്യയെ പോലുള്ളവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍., ഇവര്‍ക്കെല്ലാം പലപ്പോഴും ഭീഷണിയായിരുന്ന അന്നുള്ള ഒരേ ഒരു ഇന്ത്യന്‍ ബൗളറും ശ്രീനാഥായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഏറ്റവും വേഗതയേറിയ പന്തിന്റെ ഉടമയുമാണ് അദ്ദേഹം (154.5 Kmph) . 1997ലെ തുടക്കം സൗത്താഫ്രിക്കന്‍ ടൂറിലായിരുന്നു ഇത്. ശരിക്കും പറഞ്ഞാല്‍ അന്ന് സൗത്താഫ്രിക്കയുടെ കില്ലര്‍ ബൗളര്‍ അലന്‍ ഡൊണാള്‍ഡിനേക്കാള്‍ വേഗത്തിലായിരുന്നു ആ പരമ്പരയില്‍ ശ്രീനാഥ് പന്തെറിഞ്ഞിരുന്നത്.

Stop selling cricket - Javagal Srinath comes down hard on the  commercialization of the game - Crictoday

നിര്‍ഭാഗ്യമെന്ന് പറയട്ടെ!, ആ പരമ്പരക്കൊടുക്കം തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന ആ വേള ശ്രീനാഥിനെ തേടി പരിക്ക് കൂട്ടിനെത്തി. ഏതാണ്ട് ആ വര്‍ഷം മുഴുവനായും കരക്കിരുത്തിയ ചുമലിലെ എല്ല് തേയ്മാനവുമായി ബന്ധപ്പെട്ട ഒരു പരിക്ക്. ആ കാലഘട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ പല മത്സരങ്ങളും ഇന്ത്യ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ അതിന് പ്രധാനമായ ഒരു കാരണം ശ്രീനാഥിന്റെ അഭാവത്തോടെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ്ങ് മേഖല തീര്‍ത്തും മൂര്‍ച്ച കുറഞ്ഞു പോയിരുന്നു എന്നതായിരുന്നു കാര്യം …..

എന്തായാലും തൊണ്ണൂറുകളില്‍ ക്രിക്കറ്റിനെ പിന്തുടരുകയും ക്രിക്കറ്റിന്റെ സൂക്ഷ്മതകള്‍ മനസ്സിലാക്കുകയും ചെയ്യുന്ന ഏതൊരാളും തന്നെ ജവഗല്‍ ശ്രീനാഥിനെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി തന്നെ എക്കാലവും വിലയിരുത്തുകയും ചെയ്യും. കണക്കുകള്‍ നമ്മോട് പൂര്‍ണ്ണമായ കഥ പറയുന്നില്ല.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍