ഇന്‍ഡോറില്‍ ഇന്ത്യയുടെ നാലാം വിക്കറ്റ് വീഴുമ്പോള്‍ സ്മിത്തിന്റെ ഫോണില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ ഒരു സന്ദേശം വന്നു കിടക്കുന്നുണ്ടാകാം..

സനല്‍കുമാര്‍ പത്മനാഭന്‍

ഒരിക്കല്‍ മുംബൈയില്‍ , രണ്ടാം ഇന്നിങ്‌സില്‍ മൈക്കല്‍ ക്ലര്‍ക് എന്ന പാര്‍ട് ടൈം ബൗളറുടെ വിരല്‍ തുമ്പില്‍ നിന്നും കറങ്ങി തിരിഞ്ഞു വരുന്ന പന്തുകളുടെ ഗതിയും താളവും തിരിച്ചറിയാനാകാതെ ഇന്ത്യന്‍ നിരയൊന്നാകെ അടി പതറിയപ്പോള്‍.. അയാളുടെ എത്ര ഡിഗ്രി കറങ്ങി തിരിഞ്ഞു വരുന്ന പന്തുകളെയും കൃത്യമായി മിഡില്‍ ചെയ്യുന്ന മാന്ത്രിക ബാറ്റുമായി ക്രീസില്‍ നിന്ന് തന്റെ വിക്കറ്റ് കാണിച്ചു ക്ലര്‍ക്കിനെ കൊതിപ്പിച്ചു കടന്നു കളഞ്ഞൊരു മനുഷ്യനുണ്ട്..

ക്ളാര്കിന്റെ ടീമിനു എത്തിപിടിക്കാനാകാത്ത 107 റന്‍സിന്റെ ടാര്‍ഗറ്റ് നല്‍കിയപ്പോള്‍ അതില്‍ 69 ഉം സ്വന്തം പേരില്‍ ചാലിച്ചൊരു മനുഷ്യന്‍. ( 2004 മുംബൈ ടെസ്റ്റ് ) കൊളംബോയില്‍ ലങ്കക്കെതിരെ അവസാന ദിനം 257 റന്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങവേ സൂരജ് രന്‍ദീവ് എന്ന അപ്രശസ്തനായ മനുഷ്യന്റെ അപരിചിതമായ പന്തുകളോട് മറുപടി പറയാനാകാതെ.. 62 റന്‍സിനിടെ നാലാമത്തെ ഇന്ത്യക്കാരനും പോയിടത്തു തന്നെ തിരിച്ചെത്തിയപ്പോള്‍ , നേര്‍ത്തൊരു ചിരിയോടെ ക്രീസിലേക്കിറങ്ങി രന്‍ദീവിനെയും അയാളെ സഹായിക്കാനെത്തിയ മെന്‍ഡീസിനെയും മലിംഗയെയും എല്ലാം ചുമ്മാ സ്‌കൂള്‍ കുട്ടികളെയെന്നോണം നേരിട്ട് സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലെത്തിച്ചൊരാള്‍…. ( 2010 കോളമ്പോ ടെസ്റ്റ് )

On this day in 2010: VVS Laxman pulls off an epic chase against Sri Lanka

മൊഹാലിയിലെ കത്തിയെരിയുന്ന പകലുകളിലൊന്നില്‍ അവസാന ദിനം ജയിക്കുവാന്‍ 216 എന്നതിലേക്ക് ബാറ്റ് വീശിയ എതിരാളികളുടെ സ്‌കോര്‍ കാര്‍ഡില്‍ 124 നു നേരെ എട്ടാമത്തെ വിക്കറ്റും രേഖപെടുത്തി കഴിഞ്ഞിട്ടും. പുറം വേദന അലട്ടുന്നതിനാല്‍ പെയിന്‍ കില്ലറിന്റെ സഹായത്തോടെ ബാറ്റുമായി ക്രീസില്‍ നില്‍ക്കുന്ന അയാളെ കണ്ടു.. ഒന്ന് മനസ് തുറന്നു സന്തോഷിക്കാന്‍ ആകാതെ പോയ ക്യാപ്ടന്‍ റിക്കി പോണ്ടിങ്ങിനു,2001 ഈഡന്‍ ഗാര്‍ഡനിലെ പൊള്ളുന്ന ഓര്‍മ്മകള്‍ വീണ്ടും നല്‍കി കൊണ്ടു ഇഷാന്ത് ശര്‍മ്മയെയും, ഓജയെയും കൂട്ട് പിടിച്ചു 73 റന്‍സുമെടുത്തു തന്റെ ടീമിനെ ജയത്തിലേക്ക് കൈ പിടിച്ചു കയറ്റിയ മനുഷ്യന്‍. ( 2010 മൊഹാലി ടെസ്റ്റ് )

ഫാസ്റ്റ് ബൗളിങ്ങിനെ പ്രണയിക്കുന്ന ഡര്‍ബനിലെ പിച്ചില്‍ സ്റ്റെയ്നും, മോര്‍കലും , കല്ലിസും ഇന്ത്യന്‍ ബാറ്റസ്മാന്മാരെ വളഞ്ഞിട്ട് ആക്രമിച്ചു രസിച്ചു കൊണ്ടിരുന്നപ്പോള്‍ അവരുടെ മുന്നിലേക്ക് കാട്ടുകുതിരയുടെ കരുത്തുള്ള കൈക്കുഴയുമായി കടന്നു ചെന്ന് ഫ്‌ലിക്കുകളിലൂടെയും പുള്ളുകളിലൂടെയും ഗ്ലാന്‍സുകളിലൂടെയും ചൂടന്‍ മറുപടി പറഞ്ഞു ടീം ആകെ സ്‌കോര്‍ ചെയ്ത 228 ഇല്‍ 96 ഉം അടിച്ചെടുത്ത മനുഷ്യന്‍. ( 2010 ദര്‍ബന്‍ ടെസ്റ്റ് .)

ESPNcricinfo Awards 2010 Test batting winner - The tough get going |  Cricket | ESPNcricinfo.com

മിച്ചല്‍ ജോണ്‍സനും , ബ്രറ്റ് ലീയും, സ്റ്റുവര്‍ട്ട് ക്ലാര്‍ക്കും , ഷോണ്‍ ടൈറ്റും പെര്‍ത്തിലെ പിച്ച് നല്‍കുന്ന പിന്തുണ സ്വീകരിച്ചു കൊണ്ടു ബാറ്റ്‌സ്മന്മാരെ പരിഹസിച്ചു കൊണ്ടു പന്തുകള്‍ വര്‍ഷിച്ചു കൊണ്ടിരുന്നൊരു നാളില്‍.. ക്രീസില്‍ നിന്നും നിരാശയോടെയും, ഭീതിയോടെയും വിളറിയ മുഖത്തോടെ മടങ്ങുന്ന തന്റെ കൂട്ടുകാരുടെ തോളത്തു തട്ടി കൊണ്ടു ‘സാരമില്ല ഞാന്‍ നോക്കിക്കോളാം ‘ എന്നും പറഞ്ഞു ബാറ്റുമെടുത്തു ഇറങ്ങി അവര്‍ക്ക് മുന്നില്‍ നെപോളിയന്റെ പടനായകനെ പോലെ നെഞ്ചും വിരിച്ചു നിന്ന് 79 റന്‍സ് അടിച്ചെടുത്തു തന്റെ ടീമിന് ജയിക്കുവാനാകുന്ന 294 എന്ന സ്‌കോറിലേക്കു എത്തിക്കുന്ന അയാള്‍ .. ( പെര്‍ത് ടെസ്റ്റ് 2008) തുടങ്ങി എത്രയെത്ര മറക്കാനാകാത്ത രണ്ടാമിനിങ്‌സിലെ തീ പാറുന്ന പ്രകടനങ്ങള്‍. വി വി എസ് ലക്ഷ്മന്‍…..

ബാറ്റ് ചെയ്യാനിറങ്ങിയ എല്ലാവരും സെഞ്ച്വറിയും ഫിഫ്റ്റിയും അടിക്കുന്ന മത്സരങ്ങളില്‍ അവരുടെ കൂടെ ഒരു പക്ഷെ നിങ്ങള്‍ക്കയാളെ കണ്ടെത്താനായില്ലെന്നു വരാം. എന്നാല്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ എതിര്‍ ടീമിലെ ബൗളര്‍മാരുടെ പന്തുകള്‍ക്ക് മുന്നില്‍ തന്റെ കൂട്ടുകാര്‍ കളി മറക്കുമ്പോള്‍…
എതിരാളികള്‍ വായിക്കുന്ന ടൂണിനു അനുസരിച്ചു തന്റെ കൂട്ടുകാര്‍ പാവക്കൂത്ത് നടത്തുമ്പോള്‍…
അവരുടെ അഭിമാനം വ്രണപെടാതിരിക്കാന്‍ അയാള്‍ ബാറ്റുമായി അവതരിക്കുന്ന കാഴ്ച ഒട്ടേറെ അനുഭവിച്ചറിഞ്ഞത് കൊണ്ടാകും.. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ കളി കാണുമ്പോള്‍ ഞങ്ങള്‍ക്ക്

നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു ലക്ഷ്മന്‍ ഭായ്. ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത്തിലൂടെ സേവാഗിനും …
കോഹ്ലിയിലൂടെ സച്ചിനും പൂജാരയിലൂടെ ദ്രാവിഡിനും ഒരു പരിധി വരെ പകരക്കാരെ കണ്ടെത്താന്‍ ആയെങ്കിലും വി വി എസ് എന്ന പേരുകാരനൊരു പകരക്കാരന്‍ എന്നത് എത്ര വട്ടം തിരുത്തിയാലും ഉത്തരം തെറ്റുന്നൊരു പദ പ്രശ്‌നമാണ്.

2023 ഇല്‍ ഇന്‍ഡോറില്‍ ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ രണ്ടാമിനിങ്സില്‍ 78 നു ഇന്ത്യയുടെ 4 ആം വിക്കറ്റ് വീഴുമ്പോള്‍ ക്യാപ്ന്‍ സ്റ്റീവ് സ്മിത്തിന്റെ ഫോണില്‍ അയാളുടെ റോള്‍ മോഡല്‍ ആയ മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ ഒരു സന്ദേശം വന്നു കിടക്കുന്നുണ്ടാകാം..

‘ഡിയര്‍ സ്മിത് നീ ഭാഗ്യവാനാണ് എന്തെന്നാല്‍ ഇന്ത്യയുടെ നാലാം വിക്കെറ്റ് വീണു കഴിയുമ്പോള്‍… നമ്മുടെ വിജയത്തിന് തടസമായി എപ്പോഴും , നമുക്കും വിജയത്തിനും ഇടയില്‍ കയറി നിന്ന് വെരി വെരി സ്‌പെഷ്യല്‍ ഇനിങ്‌സ് കളിച്ചിരുന്ന ആ മനുഷ്യനെ നിനക്ക് നേരിടേണ്ടി വരുന്നില്ലലോ.. നമുക്ക് വിജയാഘോഷം തുടങ്ങാം..! ‘

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍