ഇതിൽ കൂടുതൽ എന്താണ് സഞ്ജു ചെയ്യേണ്ടത്, ആ പാവത്തിന് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കുക; സഞ്ജുവിനായി വീണ്ടും വാദിച്ച് ശശി തരൂർ

അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സൂര്യകുമാർ യാദവ് തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്കുകളുമായി നാണംകെട്ട് പുറത്തായ ശേഷം ഒരിക്കൽക്കൂടി സഞ്ജുവിനായി വാദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശശി തരൂർ. മുമ്പും പല പ്രാവശ്യം സഞ്ജുവിന്റെ ഇന്ത്യൻ ടീം പ്രവേശനവുമായി ബന്ധപ്പെട്ട് ബിസിസിഐ എടുക്കുന്ന നിലപാടുകൾക്ക് എതിരെ തരൂർ രംഗത്ത് വന്നിരുന്നു.

ഓസീസിനെതിരായ ഏകദിന പരമ്പരയിലൂടെ നാണക്കേടിന്റെ പടുക്കുഴിയിലേക്ക് ഊളിയിട്ട് ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് വീഴുക ആയിരുന്നു. ആ രണ്ട് മത്സരങ്ങളിലും ആദ്യ പന്തില്‍ പുറത്തായ സൂര്യകുമാര്‍ മൂന്നാം ഏകദിനത്തിലും അത് തിരുത്താന്‍ നിന്നില്ല. ചെന്നൈ ഏകദിനത്തിലും സൂര്യ ഗോള്‍ഡന്‍ ഡക്കായി. ആദ്യ രണ്ട് മത്സരങ്ങളില്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് താരത്തെ പുറത്താക്കിയതെങ്കില്‍ മൂന്നാം ഏകദിനത്തില്‍ ആഷ്ടണ്‍ ആഗറാണ് സൂര്യയെ പുറത്താകിയത്. നേരിട്ട ആദ്യ ബോളില്‍ താരം ക്ലീന്‍ബൗള്‍ഡ് ആവുകയായിരുന്നു.

തരൂർ പറയുന്നത് ഇങ്ങനെ- സൂര്യകുമാർ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി സൃഷ്ടിച്ചിരിക്കുന്നത് നാണക്കേടിന്റെ റെക്കോർഡാണ്. എന്തുകൊണ്ടാണ് സഞ്ജുവിന് ടീമിൽ അവസരം കൊടുക്കാത്തത്. ഇത്രയധികം മത്സരങ്ങളിലായി ഏകദിനത്തിൽ അവന്റെ ആവറേജ് 66 ആണ്. അതും ഒട്ടും പരിചയമില്ലാത്ത ആറാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയിട്ട്. ഇതിൽ കൂടുതൽ എന്താണ് അവൻ ചെയ്യേണ്ടത്,” തരൂർ പറഞ്ഞു.

ഇതുവരെ 11 ഏകദിനങ്ങളിൽ ടീം ഇന്ത്യയെ പ്രതിനിധീകരിച്ച സാംസൺ 66 ശരാശരിയിൽ 330 റൺസ് നേടിയിട്ടുണ്ട്.

യാദവ് ആകട്ടെ 23 ഏകദിനങ്ങളിൽ നിന്ന് 24.06 ശരാശരിയിൽ 433 റൺസ് നേടി. 2023ൽ ഏഴ് ഏകദിനങ്ങളിൽ നിന്ന് 8.17 ശരാശരിയിൽ 49 റൺസ് മാത്രമാണ് നേടാനായത്.