മത്സരത്തിന് മുമ്പ് ധോണി പറഞ്ഞത് അച്ചട്ടായി, ഗുജറാത്തിന് ഇമ്പാക്ട് ഉണ്ടാക്കാൻ ചെന്നൈ വക സമ്മാനം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 16-ാം സീസണിന് തുടക്കമായപ്പോൾ ആരാധകരെ ആവേശത്തിൽ കൊണ്ടുവന്ന ഒരു നിയമമാണ് ഇംപാക്റ്റ് പ്ലെയർ. റൂൾ നടപ്പാക്കിയതിനാൽ തന്നെ ഈ നിയമം ആർക്ക് ഗുണം ചെയ്യും അല്ലെങ്കിൽ ആർക്ക് ദോഷം ചെയ്യുമെന്ന് ഒരു ചോദ്യം നിലനിൽക്കുന്നുണ്ട്. എന്തായാലും ഇന്നലെ നടന്ന ചെന്നൈ- ഗുജറാത്ത് ആദ്യ മത്സരത്തിലെ ചെന്നൈയുടെ ഇമ്പാക്ട് പ്ലേയറാണ് ഇപ്പോൾ ട്രോളന്മാരുടെ താരം. കാരണം വലിയ പ്രതീക്ഷയിൽ ചെന്നൈ ഇറക്കിയ ആദ്യ ഇമ്പാക്ട് പ്ലയർ തുഷാർ ദേശ്പാണ്ഡെ ഇമ്പാക്ട് ഇണ്ടാക്കിയത് ഗുജറാത്തിനാണ്. 3.2 ഓവറിൽ 51 റൺസാണ് താരം വഴങ്ങിയത്, അതായത് 20 പന്തിൽ 50 റൺസ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ബിസിസിഐ ഈ നിയമം ആദ്യമായി അവതരിപ്പിച്ചത്, അത് വൻ വിജയമായിരുന്നു. അതിനാൽ തന്നെ ഇനി മുതൽ ഐപിഎൽ 11 vs 11 ആയിരിക്കില്ല, ക്യാപ്റ്റനും പരിശീലകരും ടീമിൽ ഒരു ഇംപാക്ട് പ്ലെയർ ഉണ്ടാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് 12 vs 12 ആയിരിക്കും. ചെന്നൈ തങ്ങളുടെ ബോളിങ് സമയത്താണ് അമ്പാട്ടി റായ്ഡുവിന് പകരം തുഷാറിന് അവസരം നൽകിയത്. അതെ സമയം ഗുജറാത്ത് ഇമ്പാക്ട് താരമായിട്ട് ഇറക്കിയ സായി സുദർശൻ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. അദ്ദേഹം വില്യംസണ് പകരക്കാരനായിട്ടാണ് ഇറങ്ങിയത്.

ഇമ്പാക്ട് പ്ലയർ എന്ന ആശയത്തെക്കുറിച്ച് ധോണി മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നത് ഇങ്ങനെ ആയിരുന്നു- “ഇത് ഒരു ആഡംബരമാണ് (ഇംപാക്റ്റ് പ്ലെയർ) തീരുമാനം എടുക്കുന്നത് അൽപ്പം എളുപ്പമാണ്, കാരണം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇത് ഉപയോഗിക്കാം,” എന്നാൽ ഈ നിയമം ടീമിലെ ഒരു ഓൾറൗണ്ടറുടെ റോൾ കുറയ്ക്കുമെന്ന് ക്യാപ്റ്റൻ പറയുകയും ചെയ്തു. ഈ വാക്കുകൾ ട്രോളന്മാർ ഏറ്റെടുത്ത് കഴിഞ്ഞു, ആഡംബരം എന്നത് എതിരാളികൾക്ക് ആണെന്നും ചെന്നൈയുടെ ഇങ്ങനെയുള്ള വെറൈറ്റി ബുദ്ധി കാണണം എന്നും ട്രോളന്മാർ പറയുന്നു.

ആദ്യ മത്സരത്തിലെ തോൽ‌വിയിൽ നിന്ന് ഈ ബോളിങ് നിരയുമായി ചെന്നൈ തിരിച്ചർത്തണമെങ്കിൽ വലിയ അധ്വാനം വേണമെന്നും ആരാധകർ പറയുന്നു.