സന്നാഹ മത്സരം, ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ എതിര്‍പാളയത്തില്‍

ടെസ്റ്റ്, ടി20 പര്യടനത്തിനായി ഇംഗ്ലണ്ടില്‍ എത്തിയ ഇന്ത്യന്‍ ടീം പരിശീലനത്തിലാണ്. ദൈര്‍ഘ്യമേറിയ പര്യടനത്തിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങള്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ആദ്യത്തേത് ചതുര്‍ദിന മല്‍സരവും രണ്ടാമത്തേത് ടി20യുമാണ്. ലെസ്റ്റര്‍ഷെയറുമായുള്ള ചതുര്‍ദിന മല്‍സരം ഇന്ന് ആരംഭിക്കും.

സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ലെസ്റ്റര്‍ഷെയറിനൊപ്പമായിരിക്കും ഇറങ്ങുക. ഇവരെ ലെസ്റ്റര്‍ഷെയര്‍ സന്നാഹത്തിനുള്ള തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തി. കൗണ്ടി ക്യാപ്റ്റന്‍ സാം ഇവാന്‍സിന് കീഴില്‍ ഇവര്‍ കളിക്കും.

ലെസ്റ്ററിലെ അപ്ടോണ്‍സ്റ്റീല്‍ കൗണ്ടി ഗ്രൗണ്ടില്‍ മിക്കവാറും എല്ലാ ഇന്ത്യക്കാരും നെറ്റ് സെഷനില്‍ എത്തിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, ജസ്പ്രീത് ബുംറ, ശര്‍ദുല്‍ താക്കൂര്‍ എന്നിവരും ബുധനാഴ്ച രാവിലെ രണ്ട് മണിക്കൂറിലധികം പരിശീലനം നടത്തി.

നെറ്റ് സെഷനില്‍ വിരാട് കോഹ്ലിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ അഭാവം കോവിഡ് അണുബാധ മൂലമാണെന്ന സംസാരം ടീം വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു. ”എല്ലാ കളിക്കാരും സെലക്ഷന് ലഭ്യമാണ്, ക്യാമ്പില്‍ ഒരു കോവിഡ് കേസ് പോലും ഇല്ല’ ടീം വൃത്തങ്ങള്‍ പറഞ്ഞു.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, കെഎസ് ഭരത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ലെസ്റ്റര്‍ഷെയര്‍: സാം ഇവാന്‍സ് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, സാം ബേറ്റ്സ്, നാറ്റ് ബൗളി, വില്‍ ഡേവിസ്, ജോയി എവിസണ്‍, ലൂയിസ് കിംബര്‍, അബി സകന്ദേ, റോമന്‍ വാക്കര്‍, ചേതേശ്വര് പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ/പ്രസിദ്ധ് കൃഷ്ണ.