ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോഹ്‌ലിക്ക് നന്ദിയും ആശംസയും അറിയിച്ചുകൊണ്ട് സച്ചിൻ വികാരഭരിതമായ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. വരാനിരിക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന് കരുതപ്പെട്ട കോഹ്‌ലി സോഷ്യൽ മീഡിയയിലൂടെയാണ് താൻ പാഡഴിക്കുക ആണെന്ന് അറിയിച്ചത്. 123 മത്സരങ്ങളിൽ നിന്ന് 46.85 ശരാശരിയിൽ 9203 റൺസ് ടെസ്റ്റിൽ നേടിയ കോഹ്‌ലി ഈ യാത്രയിൽ 30 അർദ്ധ സെഞ്ചുറികളും നേടി.
സച്ചിൻ എഴുതിയത് ഇങ്ങനെ:
“ടെസ്റ്റിൽ നിന്ന് വിരമിക്കുമ്പോൾ, 12 വർഷം മുമ്പ്, എന്റെ അവസാന ടെസ്റ്റിനിടെ, നിങ്ങളുടെ ഒരു പ്രവൃത്തി ഞാൻ ഓർമ്മിക്കുന്നു. മരിച്ചുപോയ നിങ്ങളുടെ പിതാവിന്റെ ഒരു ത്രെഡ് എനിക്ക് സമ്മാനമായി നൽകാൻ നിങ്ങൾ വാഗ്ദാനം ചെയ്തു. അത് എനിക്ക് സ്വീകരിക്കാൻ കഴിയാത്തത്ര വ്യക്തിപരമായ ഒന്നായിരുന്നു. പക്ഷേ ആ പ്രവർത്തി എന്നെ വല്ലാതെ സ്പർശിച്ചു. അന്നുമുതൽ എന്നിൽ നിലനിൽക്കുന്നു. പകരമായി നൽകാൻ എന്റെ പക്കൽ ഒരു ത്രെഡ് ഇല്ലായിരിക്കാം, പക്ഷെ ഞാൻ നൽകുന്ന ആശംസയും ആരാധനയും ദയവായി ഏറ്റുവാങ്ങുക ” സച്ചിൻ ഇൻസ്റ്റാഗ്രാമിൽ എഴുതി.
അദ്ദേഹം തുടർന്നു: “എന്തൊരു അവിശ്വസനീയമായ ടെസ്റ്റ് കരിയറാണ് നിങ്ങളുടേത്. റൺസ് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിന് നിങ്ങൾ വളരെയധികം നൽകിയിട്ടുണ്ട്. പുതിയ തലമുറക്ക് നിങ്ങൾ സമ്മാനിച്ചത് വലിയ ആവേശമാണ്. വളരെ സവിശേഷമായ ഒരു ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങൾ”, അദ്ദേഹം കൂട്ടിച്ചേർത്തു.”
എന്തായാലും കോഹ്‌ലിയുടെ ടെസ്റ്റ് വിരമിക്കലിന് പിന്നാലെ അദ്ദേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്.