ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചതോടെ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇനി എപ്പോഴായിരിക്കും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുകയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. 2027ൽ നടക്കാനാരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇരുതാരങ്ങളും ഈ ഫോർമാറ്റിൽ തുടരുന്നത്. അതിനാൽ തന്നെ ഇന്ത്യൻ ടീം ഇനി കളിക്കാനിരിക്കുന്ന ഏകദിന മത്സരങ്ങളിൽ എല്ലാം തന്നെ കോഹ്ലിയും രോഹിതും കളിക്കാൻ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശിനെതിരെയാണ് ഇനി ഇന്ത്യക്ക് വൈറ്റ് ബോൾ സീരീസ് വരാനുളളത്.
ഈ സീരീസിലൂടെ കോഹ്ലിയും രോഹിതും തിരിച്ചെത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു, എന്നാലിപ്പോൾ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ബംഗ്ലാദേശിനെതിരായ പരമ്പര വൈകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് മാസം അവസാനം മുതലാണ് ഇന്ത്യ-ബംഗ്ലാദേശ് വൈറ്റ് ബോൾ സീരീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ പരമ്പര മാറ്റി വേറൊരു സമയം നടത്തുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read more
ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഇന്ത്യൻ സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് പറയപ്പെടുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിൽ ഉണ്ടാവുക. ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെയാണ് പിന്നീട് ഇന്ത്യക്ക് വൈറ്റ് ബോൾ സീരീസ് വരാനുളളത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിക്കാനാണ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പോവുക.