രഹാനയ്ക്ക് പകരം എന്തുകൊണ്ട് രോഹിത്ത്? വിശദീകരണവുമായി കോഹ്ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അജയ്ക്യ രഹാനയ്ക്ക് പകരം രോഹിത്ത് ശര്‍മ്മയെ ടീമിലെടുത്തതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനത്തിന് വിശദീകരണവുമായി നായകന്‍ വിരാട് കോഹ്ലി. നിലവിലെ ഫോം നോക്കിയാണ് രഹാനെയ്ക്ക് പകരം രോഹിത്തിനെ ഉള്‍പ്പെടുത്തിയതെന്നാണ് കോഹ്ലിയുടെ വിശദീകരണം. കേപ്ടൗണില്‍ മത്സരശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.

അങ്ങനെയല്ലായിരുന്നെങ്കില്‍ ഇങ്ങനെ ആവുമായിരുന്നു എന്ന രീതിയില്‍ കാര്യങ്ങളെ കാണുന്നതില്‍ അര്‍ത്ഥമില്ലെന്നും നിലവിലെ ഫോമും മത്സര സാഹചര്യങ്ങളും കണക്കിലെടുത്താണ് ടീം കോംബിനേഷന്‍ തീരുമാനിക്കുന്നതെന്നും കോലി തുറന്നടിക്കുന്നു.

ശ്രീലങ്കക്കെതിരെ ഏകദിന ഡബിളടിച്ച രോഹിത്ത് അവസാനം കളിച്ച മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതാണ് രഹാനയെ പുറത്തിരുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് കോഹ്ലി വിശദീകരിക്കുന്നത്.

മത്സരത്തില്‍ ഇന്ത്യ 72 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് കോഹ്ലിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ പെരുകിയത്. പേസും ബൗണ്‍സും നിറഞ്ഞ ജീവനുളള പിച്ചില്‍ സാങ്കേതികത്തികവുളള രഹാനയെ പുറത്തിരുത്തിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മത്സരത്തില്‍ ദയനീയ പ്രകടനമാണ് രോഹത്ത് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 10, രണ്ടാം ഇന്നിംഗ്‌സില്‍ 11 എന്ന നിലയിലായിരുന്നു രോഹിത്തിന്റെ പ്രകടനം.

ശ്രീലങ്കക്കെതിരെ ഫോമിലായിരുന്നില്ലെങ്കിലും നാലുവര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയില്‍ 209 റണ്‍സടിച്ചിരുന്ന രഹാനെ കോഹ്ലിക്കും പൂജാരക്കും പിന്നില്‍ ആ പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ റണ്‍വേട്ടക്കാരനായിരുന്നു.