IPL 2025: ആ താരമാണ് എന്റെ കരിയര്‍ മാറ്റിമറിച്ചത്, അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍, എന്റെ ബലഹീനതകള്‍ കണ്ടെത്തി പരിഹരിച്ചു, വെളിപ്പെടുത്തി കോഹ്ലി

ഐപിഎലില്‍ ഈ വര്‍ഷം വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വന്‍ കുതിപ്പാണ് നടത്തികൊണ്ടിരിക്കുന്നത്. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായ ആര്‍സിബി പ്ലേഓഫ് പ്രവേശനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. കോഹ്ലി തന്നെയാണ് ഈ സീസണിലും ബാറ്റ് കൊണ്ട് ബെംഗളൂരുവിനെ മുന്നോട്ടുനയിക്കുന്നത്. 10 കളികളില്‍ 443 റണ്‍സെടുത്ത് ഓറഞ്ച് ക്യാപ്പ് പട്ടികയിലും സൂപ്പര്‍ താരമുണ്ട്. അതേസമയം ഐപിഎലിലെ തുടക്കസമയത്ത്‌ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചര്‍ കരിയറില്‍ ഉണ്ടാക്കിയ ഇംപാക്ടിനെ കുറിച്ച് തുറന്നുപറയുകയാണ് വിരാട് കോഹ്ലി.

2008 മുതല്‍ 2010 വരെയുളള സീസണുകളിലാണ് മാര്‍ക്ക് ബൗച്ചര്‍ ആര്‍സിബിക്കൊപ്പം ഉണ്ടായിരുന്നത്. അന്ന് അങ്ങോട്ടൊന്നും ആവശ്യപ്പെടാതെ തന്നെ ബാറ്റിങ്ങില്‍ ബൗച്ചര്‍ തന്റെ വീക്ക്‌നസ് തിരിച്ചറിഞ്ഞതും അതില്‍ നിന്ന് എങ്ങനെയാണ് മെച്ചപ്പെടാന്‍ അദ്ദേഹം സഹായിച്ചതെന്നും കോഹ്ലി പറഞ്ഞു. അന്ന് താന്‍ ഇന്ത്യന്‍ ടീമില്‍ ഉടന്‍ കളിക്കുന്നത് കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്ന കാര്യവും കോഹ്ലി വെളിപ്പെടുത്തി. “തുടക്കത്തില്‍ ഒപ്പം കളിച്ച എല്ലാ കളിക്കാരിലും, ബൗച്ചറാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. എന്റെ ബലഹീനതകള്‍ എന്തൊക്കെയാണെന്ന് അദ്ദേഹം കണ്ടെത്തി, അത് എന്നോട് ചോദിക്കാതെ തന്നെ കണ്ടെത്തി പരിഹരിക്കാന്‍ അദ്ദേഹം സഹായിച്ചു”.

പിന്നീട് ബൗച്ചര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു; “മൂന്ന്‌-നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ കമന്‌റേറ്ററായി ഞാന്‍ വന്നാല്‍, നീ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്‌ കാണാന്‍ സാധിച്ചില്ലെങ്കില്‍ അത് നിനക്ക്‌ തന്നെ ദോഷം ചെയ്യും” എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അന്ന് മാര്‍ക്ക് ബൗച്ചര്‍ നടത്തിയ സംഭാഷണങ്ങള്‍ തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

Read more