ലോക കപ്പ് ഫൈനല്‍ നാളെ; അനിയന്മാര്‍ക്ക് വിജയമന്ത്രമോതി കോഹ്‌ലി

അണ്ടര്‍ 19 ലോക കപ്പ് ഫൈനലില്‍ നാളെ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് മത്സരം ആരംഭിക്കുക. ഇപ്പോഴിതാ ഫൈനല്‍ പോരിനായി തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി.

നിര്‍ണായകമായ മത്സരത്തിനു മുമ്പായി കോഹ്‌ലി ചില നിര്‍ണായകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് വ്യക്തമാക്കി അണ്ടര്‍ 19 ലോകകപ്പ് ടീമംഗം കൗശല്‍ ടാംബെ താരവുമായുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചു. സഹതാരങ്ങളില്‍ ചിലരും കോഹ്‌ലിയുമായുള്ള സംഭാഷണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

2008ല്‍ ഇന്ത്യയ്ക്ക് അണ്ടര്‍ 19 ലോക കപ്പ് സമ്മാനിച്ച നായകനാണ് കോഹ്‌ലി. അന്ന് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് കോഹ്‌ലിയടക്കമുള്ള കൗമാരപ്പട കിരീടം ചൂടിയത്.

ആവേശകരമായ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ഇത്തവണ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെത്തിയത്. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്.