ആവേശപ്പോരില്‍ ജയം; വിന്‍ഡീസ് പ്രതീക്ഷ കാത്തു

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് സൂപ്പര്‍ 12ലെ ആവേശകരമായ മത്സരത്തില്‍ ബംഗ്ലാദേശിനെ മൂന്ന് റണ്‍സിന് കീഴടക്കി നിലവിലെ ചാമ്പ്യന്‍ വെസ്റ്റിന്‍ഡീസ് സെമി പ്രതീക്ഷ കാത്തു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ മറുപടി 5ന് 139ല്‍ ഒതുങ്ങി. മൂന്നാം തോല്‍വിയോടെ ബംഗ്ലാദേശിന്റെ സെമി മോഹം പൊലിഞ്ഞു. ഗ്രൂപ്പ് ഒന്നില്‍ പോയിന്റ് ഇല്ലാത്ത ബംഗ്ലാദേശ് അവസാന സ്ഥാനത്താണ്.

ഗതിവിഗതികള്‍ മാറിമറിഞ്ഞ കളിയുടെ അവസാന ഓവറിലാണ് വിന്‍ഡീസ് വിജയം ഉറപ്പിച്ചത്. അവസാന ഓവറില്‍ 13 റണ്‍സാണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. എന്നാല്‍ സമചിത്തത കാത്ത് തന്ത്രപരമായി പന്തെറിഞ്ഞ ആന്ദ്രെ റസല്‍ ബംഗ്ലാ ക്യാപ്റ്റന്‍ മുഹമ്മദുള്ളയെ (31 നോട്ടൗട്ട്) കാഴ്ച്ചക്കാരനാക്കി വിന്‍ഡീസിന് ജയമൊരുക്കി.

മുഹമ്മദ് നയീമും (17) ഷാക്കിബ് അല്‍ ഹസനും (9) സൗമ്യ സര്‍ക്കാരും (17) മുഷ്ഫിക്കുര്‍ റഹീമും (8) സൂദിര്‍ഘമായ ഇന്നിംഗ്‌സിന് പരാജയപ്പെട്ടപ്പോള്‍ മധ്യനിരയില്‍ ലിറ്റണ്‍ ദാസാണ് (44) ബംഗ്ലാ ഇന്നിംഗ്‌സിനെ മുന്നോട്ട നയിച്ചത്. ലിറ്റനെ ഡ്വെയ്ന്‍ ബ്രാവോ മടക്കിയത് മത്സരത്തിലെ വഴിത്തിരിവായി. കെയ്‌റണ്‍ പൊള്ളാര്‍ഡ് കരകയറിയതിനെ തുടര്‍ന്ന് ടീമിനെ നയിച്ച നിക്കോളസ് പൂരന്‍ മികച്ച ഫീല്‍ഡ് വിന്യാസത്തിലൂടെ കളിയുടെ കടിഞ്ഞാണ്‍ പൂര്‍ണമായി കൈവിടാതെ കാത്തപ്പോള്‍ ബംഗ്ലാദേശിന് തോല്‍വി സമ്മതിക്കേണ്ടിവന്നു. വിന്‍ഡീസിനായി രവി രാംപോളും ജാസണ്‍ ഹോള്‍ഡറും ആന്ദ്രെ റസലും അകീല്‍ ഹുസൈനും ബ്രാവോയും ഓരോ വിക്കറ്റ് വീതം പിഴുതു.

നേരത്തെ, വേഗം കുറഞ്ഞ പിച്ചില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച വെസ്റ്റിന്‍ഡീസിന് പൂരനും (22 പന്തില്‍ 40 റണ്‍സ് ഒരു ഫോര്‍, നാല് സിക്സ്) റോസ്റ്റണ്‍ ചേസുമാണ് (39) ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിനുവേണ്ടി മെഹെദി ഹസനും മുസ്താഫിസുറും ഷൊറിഫുള്‍ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.