അപ്പോഴത്തെ സമ്മർദ്ദത്തിൽ സംഭവിച്ചു പോയതാണ്, അവനോട് രണ്ട് പ്രാവശ്യം ഞാൻ മാപ്പ് പറഞ്ഞു; വിവാദത്തിനിടെ സിറാജ് പറയുന്നത് ഇങ്ങനെ; ചെയ്തത് മോശമായി പോയെന്ന് ആരാധകർ, വീഡിയോ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഫാസ്റ്റ് ബോളർ മുഹമ്മദ് സിറാജ്, രാജസ്ഥാന് റോയൽസിനെതിരെ റണ്ണൗട്ട് അവസരം കളഞ്ഞതിന് സഹതാരം മഹിപാൽ ലോംറോറിനെ അധിക്ഷേപിക്കുന്ന ഒരു വീഡിയോ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മത്സരത്തിന്റെ 19-ാം ഓവറിൽ ഉണ്ടായ ഈ സംഭവത്തിന് താൻ സഹതാരത്തോട് മാപ്പ് പറഞ്ഞതായി ഇപ്പോൾ സിറാജ് പറഞ്ഞു .

മത്സരം അവസാന നിമിഷത്തോട് അടുക്കുമ്പോൾ ഇരുടീമുകൾക്കും ജയിക്കാം എന്ന അവസ്ഥയിൽ എത്തിയിരുന്നു. കഴിഞ്ഞ കളിയിൽ നിന്നെല്ലാം വിഭിന്നമായി സിറാജ് കുറച്ച് പ്രഹരം ഏറ്റുവാങ്ങിയ മത്സരം കൂടി ആയിരുന്നു ഇന്നലെ നടന്നത്. ആദ്യ ഓവറിൽ ജോസ് ബട്ട്ലറെ പുറത്താക്കിയെങ്കിലും പിന്നീട് പ്രഹരം ഏറ്റുവാങ്ങി. അതിനാൽ തന്നെ 19 ആം ഓവർ നിർണായകം ആയിരുന്നു.

ക്രീസിൽ നിന്നത് അശ്വിനും യുവ താരം ധ്രുവ് ജൂറലും. ഓവറിന്റെ അവസാന പന്തിൽ സിറാജ് എറിഞ്ഞ ഷോർട് ബോളിൽ സ്ട്രൈറ് ഷോട്ട് കളിച്ച ജൂറൽ 2 റൺ ഓടാൻ ശ്രമിച്ചു . അശ്വിൻ താരതമ്യേന സ്ലോ ആണെന്ന് അറിയാവുന്നതിനാൽ സിറാജ്അവിടെ റൺ ഔട്ട് പ്രതീക്ഷിച്ചു. എന്നാൽ അവിടെ ഫീൽഡ് ചെയ്തിരുന്ന മഹിപാലിന്റെ ത്രോ അൽപ്പം മോശമായി പോയതോടെ നല്ല അവസരം ബാംഗ്ലൂരിന് നഷ്ടമായി.

പിന്നാലെയാണ് സിറാജ് മഹിപാലിനെ മോശം പദങ്ങൾ വിളിച്ചത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. സഹതാരത്തോടുള്ള പെരുമാറ്റം മോശമായി പോയി എന്ന് എല്ലാവരും പറഞ്ഞു. എന്നാൽ മത്സരശേഷം താൻ മഹിപാലിനോട് രണ്ട് പ്രാവശ്യം ക്ഷമ ചോദിച്ചെന്നും അപ്പോഴത്തെ സമ്മർദത്തിൽ സംഭവിച്ചു പോയതാണെന്നും സിറാജ് പറഞ്ഞു. എന്തായാലും ഇന്നലത്തെ 7 റൺസ് വിജയം ബാംഗ്ലൂരിനെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തിച്ചു.