അണ്ടര്‍ 19 ക്രിക്കറ്റ് ലോക കപ്പ്: പാകിസ്ഥാന്‍ സെമി കാണാതെ പുറത്ത്, ഇന്ത്യയുടെ വിധി ഇന്നറിയാം

പാകിസ്ഥാനെ കീഴടക്കി ഓസ്‌ട്രേലിയ അണ്ടര്‍ 19 ലോക കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ 119 റണ്‍സിനാണ് ഓസീസ് പാക് പടയെ മുട്ടുകുത്തിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 50 ഓവറില്‍ 276 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ വെറും 157 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ ഏഴിന് 276. പാകിസ്താന്‍ 35.1 ഓവറില്‍ 157 ന് പുറത്ത്.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം ഇന്ന് വൈകിട്ട് നടക്കും. അണ്ടര്‍ 19 ലോക കപ്പ് ഫൈനലില്‍ രണ്ട് വര്‍ഷം മുന്‍പ് നേരിട്ട തോല്‍വിക്ക് ബംഗ്ലാദേശിനോട് കണക്ക് വീട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം.

സെമിയില്‍ ഇന്ത്യയോ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശോ ആയിരിക്കും ഓസ്ട്രേലിയയുടെ എതിരാളി. ആദ്യ സെമിയില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടും.