ചേട്ടന്മാര്‍ കൊതിക്കുന്ന നേട്ടത്തില്‍ അനിയന്മാര്‍; അണ്ടര്‍ 19 ക്രിക്കറ്റ് ലോക കപ്പില്‍ പ്രവചനങ്ങള്‍ തെറ്റിച്ച് അഫ്ഗാനിസ്ഥാന്‍

ലോക ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി അഫ്ഗാനിസ്ഥാന്‍. അണ്ടര്‍ 19 ക്രിക്കറ്റ് ലോക കപ്പില്‍ പ്രവചനങ്ങള്‍ തെറ്റിച്ച് അഫ്ഗാനിസ്താന്‍ സെമിയില്‍ കടന്നു. ഇതാദ്യമായാണ് അഫ്ഗാനിസ്താന്‍ ഐസിസിയുടെ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. സീനിയര്‍ ടീമിന് പോലും നേടാന്‍ സാധിക്കാതെ പോയ വലിയ നേട്ടമാണ് അണ്ടര്‍ 19 അഫ്ഗാന്‍ ടീം സ്വന്തമാക്കിയത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയാണ് അഫ്ഗാന്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ആവേശകരമായ മത്സരത്തില്‍ നാല് റണ്‍സിനാണ് അഫ്ഗാന്റെ വിജയം. സ്‌കോര്‍: അഫ്ഗാനിസ്താന്‍ 47.1 ഓവറില്‍ 134 ന് ഓള്‍ ഔട്ട്. ശ്രീലങ്ക 46 ഓവറില്‍ 130 ന് ഓള്‍ ഔട്ട്.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബോളര്‍മാര്‍ കാഴ്ചവെച്ചത്. അഫ്ഗാനെ വെറും 134 റണ്‍സില്‍ ഓള്‍ ഔട്ടാക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. 9.1 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്ത വിനുജ റാന്‍പോളാണ് അഫ്ഗാന്റെ നടുവൊടിച്ചത്. നായകന്‍ വെല്ലാലാഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 റണ്‍സെടുത്ത അബ്ദുള്‍ ഹാദിയും 30 റണ്‍സെടുത്ത നൂര്‍ അഹമ്മദും മാത്രമാണ് അഫ്ഗാന്‍ നിരയില്‍ പിടിച്ചുനിന്നത്.

ICC U19 World Cup: Afghanistan Beat Sri Lanka To Reach Super League Semi-Final | Cricket News

മറുപടി ബാറ്റിംഗില്‍ ലങ്കയുടെ തകര്‍ച്ചയും പൂര്‍ണമായിരുന്നു. 34 റണ്‍സെടുത്ത നായകന്‍ വെല്ലാലാഗെ മാത്രമാണ് ശ്രീലങ്കയ്ക്ക് വേണ്ടി പിടിച്ചുനിന്നത്. അശ്രദ്ധ മൂലം നാല് താരങ്ങള്‍ റണ്ണൗട്ടാകുകയും ചെയ്തു. അഫ്ഗാനുവേണ്ടി ബിലാല്‍ സമി രണ്ട് വിക്കറ്റെടുത്തപ്പോള്‍ നവീദ് സദ്രാന്‍, നൂര്‍ അഹമ്മദ്, ഇസാറുള്‍ ഹഖ്, നംഗേയലിക്ക ഖറോട്ടെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Read more

അണ്ടര്‍ 19 ലോക കപ്പിന്റെ സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാണ് അഫ്ഗാന്‍. ഇംഗ്ലണ്ട് നേരത്തേ സെമി ഫൈനലിലെത്തിയിരുന്നു. ആദ്യ സെമിയില്‍ ഇംഗ്ലണ്ടും അഫ്ഗാനും കൊമ്പുകോര്‍ക്കും.