ചേട്ടന്മാര്‍ വീണപ്പോള്‍ അനിയന്മാര്‍ കസറി; അയര്‍ലാന്‍ഡിനെ തൂക്കിയെറിഞ്ഞ് സൂപ്പര്‍ ലീഗിലേക്ക്

അണ്ടര്‍ 19 ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയുടെ യുവ നിര തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ സൂപ്പര്‍ ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടി. അയര്‍ലാന്‍ഡിനെ 174 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ കുതിപ്പ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നേട്ടുവെച്ച 308 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലാന്‍ഡിന്റെ പോരാട്ടം 39 ഓവറില്‍ 133 റണ്‍സില്‍ അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ഗംഭീര തുടക്കമാണ് നല്‍കിയത്. അംഗ്രിഷ് രഖുവംശി (79), ഹര്‍ണൂര്‍ സിങ് (88) എന്നിവര്‍ ചേര്‍ന്ന് 164 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ രാജ് ബവ 42 റണ്‍സെടുത്തും മികച്ചു നിന്നു.

Image

മധ്യനിരയില്‍ രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. അഞ്ചാമനായി ക്രീസിലെത്തിയ താരം 17 പന്തില്‍ ഒരു ബൗണ്ടറിയും അഞ്ച് സിക്സും ഉള്‍പ്പെടെ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അയര്‍ലന്‍ഡിനായി മുസ്മില്‍ ഷെര്‍സാദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാത്യു ഹംഫേയ്സും ജാമി ഫോബ്സും ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടിക്കിറങ്ങിയ അയര്‍ലാന്‍ഡിനെ ഒരു ഘട്ടത്തിലും ആധിപത്യം നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. വിക്കറ്റ് കീപ്പര്‍ ജോഷ്വാ കോസ് (28) ആണ് അല്‍പ്പനേരം എങ്കിലും ക്രീസില്‍ പിടിച്ചുനിന്നത്. ഇന്ത്യക്കായി ഗാര്‍വ് സാങ്വാന്‍, അനീശ്വര്‍ ഗൗതം, കൗശല്‍ താംബെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. വിക്കി ഒസ്ത്വാല്‍, രവി കുമാര്‍, ഹംഗര്‍ഗേക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.