വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും 5 ദിവസത്തിന്റെ മാത്രം വ്യത്യാസത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയ വാർത്ത ആയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യാടനം കളിക്കാൻ ആഗ്രഹിച്ചതായി റിപ്പോർട്ട് വരുന്നു. എന്നാൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ വരാനിരിക്കുന്ന WTC-യിലേക്ക് പുതിയ താരങ്ങളുമായി പോകാൻ ആഗ്രഹിച്ചതും ഈ കാര്യത്തിന് ബിസിസിഐയും അഗാർക്കറും നൽകിയ പിന്തുണയും സൂപ്പർ താരങ്ങളെ വേഗം വിരമിക്കലിലേക്ക് നയിച്ചു.
ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, ഓസ്ട്രേലിയക്കെതിരായ തോൽവിക്ക് ശേഷം രോഹിത്തിന്റെയും കോഹ്‌ലിയുടെയും ഭാവി തീരുമാനിക്കപ്പെട്ടു. പരമ്പരയിലെ ഇരുവരുടെയും നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ നിരാശനായിരുന്ന ഗംഭീർ ഇനി ഇരുവരും ടെസ്റ്റ് കളിക്കില്ല എന്ന് ഉറപ്പിച്ചു. ശ്രദ്ധേയമായി, ടീമിനുള്ളിലെ താര സംസ്കാരത്തിന് എതിരായ ഗംഭീർ ഗില്ലും ജയ്‌സ്വാളും അടക്കമുള്ള താരങ്ങളെ ആശ്രയിക്കാനും സൂപ്പർതാരങ്ങളെയും ഒഴിവാക്കാനും ഇഷ്ടപ്പെട്ടു,
“ഗൗതം ഗംഭീർ യുഗം ഇപ്പോൾ ആരംഭിക്കുന്നു. അടുത്ത WTC സൈക്കിളിൽ ഇന്ത്യയ്ക്ക് പുതിയ മുഖങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. ടെസ്റ്റിൽ അദ്ദേഹത്തിന് സീനിയർ താരങ്ങൾ പലരും ടീമിൽ കളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെയും സെലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത് അഗാർക്കറുടെയും ചിന്തകൾ ഒന്നാണ്” സ്രോതസ്സ് കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന WTC യിലേക്ക് ഗൗതം ഗംഭീർ പുതുമുഖങ്ങളെ ആഗ്രഹിച്ചിരുന്നെങ്കിലും, രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും വിരമിക്കൽ പദ്ധതികളൊന്നുമില്ലായിരുന്നുവെന്ന് അവരുടെ മാസങ്ങൾക്ക് മുമ്പുള്ള പല സംസാരങ്ങളിൽ നിന്നും വ്യക്തമാണ്. മൈക്കൽ ക്ലാർക്കിന്റെ പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ട രോഹിത് അടുത്തിടെ ഇംഗ്ലണ്ട് പരമ്പരയിൽ കളിക്കാനുള്ള തന്റെ പദ്ധതികളെക്കുറിച്ച് തുറന്നുപറയുകയും അവിടെ നന്നായി കളിക്കുമെന്ന് പറയുകയും ചെയ്തിരിക്കുന്നു.
അതേസമയം, വിരാട് തന്നോട് സംസാരിച്ചതായും വരാനിരിക്കുന്ന പര്യടനത്തിൽ ധാരാളം സെഞ്ച്വറികൾ നേടാൻ ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടുവെന്നും ഡൽഹി രഞ്ജി പരിശീലകൻ സ്ഥിരീകരിച്ചു. അതിനാൽ, പുതിയ മുഖങ്ങളുമായി തുടരാനുള്ള ബോർഡിന്റെയും മാനേജ്‌മെന്റിന്റെയും ആഗ്രഹം കാരണം രണ്ട് താരങ്ങളും ചവിട്ടി പുറത്താക്കും മുമ്പ് പാഡഴിക്കുക ആയിരുന്നു എന്ന് വ്യക്തമാണ്.