'മത്സരത്തില്‍ സ്വാധീനം സൃഷ്ടിക്കാനാവുന്നില്ലെങ്കില്‍ കളിച്ചിട്ട് കാര്യമില്ല'; കോഹ്‌ലിയോട് പാക് താരം

കളിയില്‍ സ്വാധീനം സൃഷ്ടിക്കാനാവുന്നില്ലെങ്കില്‍ കളിച്ചിട്ട് കാര്യമില്ലെന്ന് മുന്‍ പാക് നായകന്‍ മുഹമ്മദ് ഹഫീസ്. വിരാട് കോഹ്‌ലിയുടെ മോശം ഫോം വിലയിരുത്തിയാണ് ഹഫീസിന്റെ വിലയിരുത്തല്‍. കോഹ്‌ലിയുടെയും പാക് പേസര്‍ ഹസന്‍ അലിയുടെയും പ്രശ്നങ്ങള്‍ ഒന്നാണെന്നും ഹഫീസ് പറയുന്നു.

‘കഴിഞ്ഞ 10 വര്‍ഷത്തെ താരങ്ങളെ നോക്കിയാല്‍ അതിലെ മികച്ച താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. അവനും ഹസന്‍ അലിയും നേരിടുന്നത് ഒരേ പ്രശ്നമാണ്. മാനസിക സമ്മര്‍ദ്ദം. അതുകൊണ്ട് തന്നെ രണ്ട് പേര്‍ക്കും ഇടവേളയാണ് വേണ്ടത്. കോഹ്‌ലി മത്സരത്തെ ഒറ്റക്ക് മാറ്റുന്ന താരങ്ങളിലൊരാളാണ്. എന്നാല്‍ കഴിഞ്ഞ 2-3 വര്‍ഷങ്ങളായി ഇത് അവന് സാധിക്കുന്നില്ല.’

‘2021ലെ ടി20 ലോക കപ്പില്‍ പാകിസ്ഥാനെതിരേ കോഹ്‌ലി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ആ ഇന്നിംഗ്സും വലിയ സ്വാധീനം സൃഷ്ടിക്കുന്നതാണെന്ന് കരുതുന്നില്ല. അത്തരത്തില്‍ സ്വാധീനം സൃഷ്ടിക്കാനാവുന്നില്ലെങ്കില്‍ കളിക്കുന്നതില്‍ അര്‍ത്ഥമില്ല.’

‘എല്ലാ താരങ്ങളും ഇടവേള ആഗ്രഹിക്കുന്നു. ഇത് വീണ്ടും മികച്ച ഫോമിലേക്കെത്തിക്കാന്‍ അവരെ സഹായിക്കുന്നു. കോഹ്‌ലിക്ക് നിലവിലെ പ്രകടനം കൊണ്ട് ടീമില്‍ സ്വാധീനം സൃഷ്ടിക്കാനാവുന്നില്ല’ ഹഫീസ് പറഞ്ഞു.