"ഒരു പുതിയ ടി20 ക്യാപ്റ്റനെ എടുക്കുന്നതിൽ ഒരു ദോഷവുമില്ല, അവന്റെ പേര് പക്ഷെ ഇങ്ങനെ ആയിരിക്കണം...തുറന്നടിച്ച് രവി ശാസ്ത്രി

വെള്ളിയാഴ്ച വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ വൈറ്റ് ബോൾ പരമ്പരയിൽ ടീം ഇന്ത്യ തങ്ങളുടെ മുതിർന്ന താരങ്ങളില്ലാതെ തന്നെ കളിക്കും, ഈ പരമ്പര സഞ്ജു സാംസൺ, ഉമ്രാൻ മാലിക്, ഇഷാൻ കിഷൻ തുടങ്ങിയവർക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം നൽകും. ടി20യിൽ ഹാർദിക് പാണ്ഡ്യയും ഏകദിനത്തിൽ ശിഖർ ധവാനും ടീമിനെ നയിക്കും.

പരമ്പരക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച മുൻ പരിശീലകൻ രവി ശാസ്ത്രി ടി20 നായകസ്ഥാനത്തെക്കുറിച്ച് നടക്കുന്ന ചർച്ചയിൽ പറഞ്ഞത് ഇങ്ങനെ- പുതിയ നായകനെ അന്വേഷിക്കുന്നതിൽ യാതൊരു തെറ്റും ഇല്ല. പക്ഷെ അയാളുടെ പേര് ഹാർദിക് പാണ്ഡ്യ എന്നായിരിക്കണം.

“ടി20 ക്രിക്കറ്റിന്, ഒരു പുതിയ ക്യാപ്റ്റൻ ഉണ്ടാകുന്നതിൽ ഒരു ദോഷവുമില്ല. കാരണം ഒരുപാട് മത്സരങ്ങൾ തുടർച്ചയായി കളിക്കുന്നതിനാൽ എല്ലാ ഫോര്മാറ്റുകളും കൈകാര്യം ചെയ്യുക അത്ര എളുപ്പമുള്ള കാര്യം ആയിരിക്കില്ല. രോഹിത് ഇതിനകം തന്നെ മൂന്ന് ഫോര്മാറ്റിലും നായകനാണ്. ഇതിൽ ഒരു ഫോർമാറ്റ് ഒഴിവാകുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ ആ നായകന്റെ പേര് ഹാർദിക് പാണ്ഡ്യ എന്നാണെങ്കിൽ അങ്ങനെ മതി ,” ശാസ്ത്രി പറഞ്ഞു.

Read more

ഉമ്രാൻ മാലിക്കിനെ ടീമിൽ എടുത്തതുമായി ബന്ധപ്പെട്ട് ശാസ്ത്രി പറയുന്നത് ഇങ്ങനെ- “അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളാണ്, ലോകകപ്പിൽ യഥാർത്ഥ പേസ് ആക്രമണത്തെ നിങ്ങൾ കണ്ടു, അത് ഹാരിസ് റൗഫ്, നസീം ഷാ, ആൻറിച്ച് നോർട്ട്ജെ എന്നിവരായാലും ശരി. അതിനാൽ, യഥാർത്ഥ പേസിന് പകരമാവില്ല ഒന്നും . കിട്ടുന്ന അവസരം ഉപയോഗിക്കുക, അതിനാൽ ഇത് ഉംറാന് ഒരു അവസരമാണ്, ഈ എക്സ്പോഷറിൽ നിന്ന് അവൻ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”